കഠ്‌വ കൂട്ടബലാല്‍സംഗക്കേസ്: വിധി സ്വാഗതാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട്

ഏഴ് കുറ്റാരോപിതരില്‍ ആറുപേര്‍ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയ കോടതി മൂന്നുപേര്‍ക്ക് ജീവപര്യന്തവും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലിസ് ഓഫിസര്‍മാരായ മറ്റ് മൂന്ന് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും നല്‍കിയിരിക്കുകയാണ്.

Update: 2019-06-11 15:38 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിലെ ഗ്രാമീണക്ഷേത്രത്തില്‍ ദിവസങ്ങളോളം മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്ത് ബാലികയെ കൊലപ്പെടുത്തിയ കഠ്‌വ കേസില്‍ പത്താന്‍കോട്ട് അതിവേഗ കോടതി പുറപ്പെടുവിച്ച വിധിയെ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സ്വാഗതം ചെയ്തു. ഏഴ് കുറ്റാരോപിതരില്‍ ആറുപേര്‍ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയ കോടതി മൂന്നുപേര്‍ക്ക് ജീവപര്യന്തവും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലിസ് ഓഫിസര്‍മാരായ മറ്റ് മൂന്ന് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും നല്‍കിയിരിക്കുകയാണ്.

കുടുംബം, അഭിഭാഷകര്‍, സത്യസന്ധരായ ചില വ്യക്തികള്‍, നീതിക്കായി കുടുംബം നടത്തിയ പോരാട്ടത്തില്‍ സഹായവുമായെത്തിയ സംഘങ്ങള്‍ എന്നിവരുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശബ്ദമുയര്‍ത്തിയ ജനങ്ങളുടെയും കൂട്ടായ വിജയമാണിത്. ബാലികയ്ക്കുനേരെ നടത്തിയ ക്രൂരത മാത്രമല്ല, വംശിയവെറിയും ഇതിന് പ്രേരണയായെന്നതാണ് ഈ കുറ്റകൃത്യത്തെ സവിശേഷമാക്കിയത്. നിയമനടപടിക്രമത്തിനെതിരേ കുറ്റാരോപിതരുടെ സമുദായം നടത്തിയ പ്രതിഷേധം ഉള്‍പ്പടെ നടത്തിയ കടുത്ത എതിര്‍പ്പ് രാജ്യത്തെ ഞെട്ടിക്കുകയുണ്ടായി.

വിവാദമായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍നിന്ന് ക്രൈംബ്രാഞ്ച് ഓഫിസര്‍മാരെ കഠ്‌വയിലെ അഭിഭാഷകര്‍ തടഞ്ഞത് കാരണം ഉന്നതകോടതിക്ക് ഈ കേസ് സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റേണ്ടിവന്നിരുന്നു. അതുകൊണ്ടാണ് ഈ ആദ്യ വിജയം നീതി ആഗ്രഹിക്കുന്ന എല്ലാ ജനങ്ങള്‍ക്കും ആശ്വസമാവുന്നത്. അതേസമയം, നീതി അട്ടിമറിക്കാന്‍ ഇനിയും ശ്രമങ്ങള്‍ നടത്തുന്നതില്‍ നാം ജാഗ്രരൂകരാവുകയും നീതി സംരക്ഷിക്കാന്‍ കൂടുതല്‍ പോരാട്ടം നടത്തേണ്ടതുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News