ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം വേണം; കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികനും സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി സുപ്രിംകോടതിയില്‍ ഹരജി നല്‍കി. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇര കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പുതിയ ഹരജിയും നല്‍കിയിരിക്കുന്നത്. ഹരജി ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് നാളെ പരിഗണിക്കും. വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാവും. അതിനാല്‍, ഈ വിഷയത്തില്‍ അഭിപ്രായമൊന്നും രേഖപ്പെടുത്താതെ അകന്നുനില്‍ക്കുയാണെന്നാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയിരുന്നത്. ഇതിനെതിരേയാണ് റോബിന്‍ വടക്കുംചേരി സുപ്രിംകോടതിയെ സമീപിച്ചത്. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇര കോടതിയെ അറിയിച്ചു. ഈ ഹരജിയും നാളെ പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റില്‍ സുപ്രിംകോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവാണ് തലശ്ശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍, മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 2017 ഫെബ്രുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്‍മം നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കേസില്‍ അറസ്റ്റിലായതോടെ റോബിനെ വൈദിക വൃത്തിയില്‍നിന്ന് സഭ പുറത്താക്കുകയായിരുന്നു.