കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വൈദിക സ്ഥാനത്തുനിന്ന് പുറത്താക്കി
accused in rape case robin wadakkumchery epelled from priesthood
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ പള്ളി വികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദിക സ്ഥാനത്തു നിന്ന് പുറത്താക്കി. മാര്‍പ്പാപ്പയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് മാനന്തവാടി രൂപത അറിയിച്ചു.
കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയായിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിന്‍ വടക്കുംചേരി അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്‌തെന്നായിരുന്നു ആരോപണം.
എന്നാല്‍, പെണ്‍കുട്ടിയുടെ മാതാവ് പരാതിയുമായെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടി പ്രസവിച്ചത് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായിരുന്നു. കേസില്‍ 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്‌സോ കോടതി ഫാദര്‍ റോബിന് ശിക്ഷ വിധിച്ചത്.
റോബിനെ 2017 ഫെബ്രുവരി 27നു തന്നെ വൈദിക വൃത്തിയില്‍നിന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു. വിവിധ അന്വേഷണ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2019 ഡിസംബര്‍ 5നാണ് റോബിന്‍ വടക്കുംചേരിയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വൈദിക വൃത്തിയില്‍നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്തതെന്ന് മാനന്തവാടി രൂപതാ പിആര്‍ഒ ഫാ. ജോസ് കൊച്ചറക്കല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.