ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം; പ്രതി ടി എസ് അനില്‍ കുമാറിനെ റിമാന്‍ഡ് ചെയ്തു

മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്

Update: 2024-10-14 07:36 GMT

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം അബദ്ധത്തില്‍ പറ്റിയതെന്ന് പോലിസ്. തമിഴ്‌നാട് കാഞ്ചീപുരം കീല്‍കട്ടളൈ ശിവരാജ് സ്ട്രീറ്റിലെ ശരവണന്‍ (25) ആണ് മരിച്ചത്. അറസ്റ്റിലായ കണ്ണൂര്‍ തിമിരി വണ്ടാനത്ത് വീട്ടില്‍ ടി എസ് അനില്‍ കുമാറിനെ (50) റിമാന്‍ഡ് ചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ജനറല്‍ ടിക്കറ്റെടുത്ത് ശരവണന്‍ എസി കോച്ചില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. ശരവണനെ അനില്‍കുമാര്‍ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ ശരവണന്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലാണ് വീണത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ശനി രാത്രി 11.30ന് എത്തിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു ശരവണന്‍. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Tags:    

Similar News