ബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
പ്രസവസമയത്ത് ഭാര്യയെ പരിചരിക്കാന്‍ നിന്ന യുവതിയെ ബലാല്‍സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷ
തൃശൂര്‍: ബലാല്‍സംഗ കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തിപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആറ്റൂര്‍ കണ്ടംപള്ളി സുരേഷിനെ(45)യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. പ്രസവസമയത്ത് ഭാര്യയെ പരിചരിക്കാന്‍ നിന്ന യുവതിയെ ബലാല്‍സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷ.
2019 ഒക്ടോബറില്‍ സുരേഷിന്റെ ഭാര്യയെ പ്രസവത്തിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയ സമയത്ത് ആശുപത്രി മുറിയില്‍ വച്ച് പരിചരിക്കാന്‍ കൂടെ നിന്നിരുന്ന യുവതിയെ പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഡിസംബറില്‍ പള്ളത്തുള്ള പ്രതിയുടെ വീട്ടില്‍ വച്ചും ബലാല്‍സംഗം ചെയ്തു. ആദ്യ തവണത്തെ സംഭവം മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയെ വീണ്ടും ബലാല്‍സംഗത്തിന് ഇരയാക്കിയത്.
സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പ്രതിയുടെ ഭാര്യ കുടുംബ കോടതിയില്‍ പരാതി നല്കി. എന്നാല്‍ ഭാര്യയെയും ഇരയായ യുവതിയെയും കൊല്ലുമെന്ന് സുരേഷ് ഭീഷണിപ്പെടുത്തി. പിന്നീട് 2021 ല്‍ എരുമപ്പെട്ടി പോലിസില്‍ പരാതി നല്കി.ചെറുതുരുത്തി പോലിസ് സബ് ഇന്‍സ്പെക്ടര്‍ അല്‍ത്താഫ് അലിയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി.