ഉന്നാവോ ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസ്: ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് 10 വര്‍ഷം തടവ്

യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗര്‍ നിലവില്‍ ജയിലിലാണ്. കുല്‍ദീപ് സെന്‍ഗറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗര്‍ ഉള്‍പ്പടെ മറ്റു ആറു പ്രതികള്‍ക്കും 10 വര്‍ഷം തടവാണ് ഡല്‍ഹി കോടതി വിധിച്ചിരിക്കുന്നത്.

Update: 2020-03-13 06:44 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപിയില്‍നിന്ന് പുറത്താക്കിയ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് 10 വര്‍ഷം തടവ്. യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗര്‍ നിലവില്‍ ജയിലിലാണ്. കുല്‍ദീപ് സെന്‍ഗറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗര്‍ ഉള്‍പ്പടെ മറ്റു ആറു പ്രതികള്‍ക്കും 10 വര്‍ഷം തടവാണ് ഡല്‍ഹി കോടതി വിധിച്ചിരിക്കുന്നത്. സെന്‍ഗറും രണ്ട് സഹോദരങ്ങളും 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രണ്ടുപോലിസുകാരും കേസില്‍ പ്രതികളാണ്.

പെണ്‍കുട്ടിയുടെ പിതാവിനെതിരേ വ്യാജമായി കുറ്റം ചുമത്തിയതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനുമാണ് പോലിസുകാരെ ശിക്ഷിച്ചത്. നേരത്തെ അറസ്റ്റിലായ പോലിസുകാര്‍ ജാമ്യത്തിലിറങ്ങിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പിതാവിനെ നഷ്ടപ്പെട്ടു. അവള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല. കുടുംബത്തില്‍ നാലുകുട്ടികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്. നാലുപേരും പ്രായപൂര്‍ത്തിയാവാത്തവരാണ്- വിധിപ്രസ്താവം നടത്തിക്കൊണ്ട് ഡല്‍ഹി ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ പറഞ്ഞു.

ബലാല്‍സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2019ലാണ് ബലാല്‍സംഗ കേസില്‍ സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. ഇതിനിടെ, റായ്ബറേലിയില്‍വച്ച് അമിതവേഗതയിലെത്തിയ ട്രക്ക് കാറിലിടിച്ച് ഇരയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെന്‍ഗര്‍ ആസൂത്രണം ചെയ്ത് നടത്തിയ അപകടമാണെന്ന പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.  

Tags:    

Similar News