ഉന്നാവോ ബലാല്‍സംഗക്കേസ് പ്രതിയുടെ ഭാര്യ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കും

Update: 2021-04-09 05:16 GMT
ഉന്നാവോ ബലാല്‍സംഗക്കേസ് പ്രതിയുടെ ഭാര്യ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കും

ലഖ്‌നൗ: കോളിളക്കം സൃഷ്ടിച്ച ഉന്നാവോ ബലാല്‍സംഗക്കേസിലെ പ്രതിയും ബിജെപി മുന്‍ എംഎല്‍എയുമായ കുല്‍ദീപ് സെനഗാറിന്റെ ഭാര്യയെ ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ബിജെപി ടിക്കറ്റില്‍ സ്ഥാനാര്‍ഥിത്വം നല്‍കാനൊരുങ്ങുന്നതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. നിലവില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണായ ഇവരെ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റിലാണ് ബിജെപി ടിക്കറ്റില്‍ മല്‍സരിപ്പിക്കാനൊരുങ്ങുന്നത്.

   ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കുറ്റസമ്മതം നടത്തിയ കുല്‍ദീപ് സെനഗറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നു അംഗത്വം നഷ്ടപ്പെട്ടിരുന്നു. ഉന്നാവോയിലെ ബെഗര്‍മാ നിയോജക മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെനഗറിനെ നിയമപ്രകാരം അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബിജെപിയില്‍ നിന്നു ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. കേസില്‍ ഡല്‍ഹി പോക്‌സോ കോടതി കുല്‍ഗീപ് സെന്‍ഗറിന് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. ശിക്ഷയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചെങ്കിലും പോക്‌സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നാലു തവണ എംഎല്‍എയായിരുന്ന സെന്‍ഗറിനെ 2019 ആഗസ്തിലായിരുന്നു ബിജെപിയില്‍ നിന്നുപുറത്താക്കിയത്. 2017 ജൂണ്‍ 4 ന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌തെന്നാണു കേസ്.

    2021 ഏപ്രില്‍ 15 മുതല്‍ നാലു ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Unnao rape accused Kuldeep Sengar's wife to contest in UP

Tags:    

Similar News