പാചക വാതക വിലവര്‍ധനയും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല: കേന്ദ്ര പെട്രോളിയം മന്ത്രി
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പാചക വാതക സിലിണ്ടറിന്റെ വില 140 രൂപ വര്‍ധിപ്പിച്ചത്.
ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വിലവര്‍ധനയും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യാന്തര വിപണിയിലെ വിലയും ഉപഭോഗവും അനുസരിച്ചാവും പാചക വാതക വിലയില്‍ മാറ്റമുണ്ടാവുക. ഇന്ധനവില പലപ്പോഴും ഉയരുകയോ താഴുകയോ ചെയ്യാം. അതൊന്നും തന്റെ നിയന്ത്രണത്തിലല്ലെന്ന് ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞ 20 ദിവസത്തിനിടെ അഞ്ച് രൂപ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ 140 രൂപ വര്‍ധിപ്പിച്ചത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 70 ല്‍ 62 സീറ്റുകളും നേടിയിരുന്നു. ബിജെപി എട്ട് സീറ്റുകളില്‍ ഒതുങ്ങി. തൊട്ടുപിന്നാലെ വന്ന പാചക വാതക വിലവര്‍ധന സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലംവന്ന് 24 മണിക്കൂറിനകം എല്‍പിജി വില വര്‍ധിപ്പിച്ച നടപടി പ്രതികാര നടപടിയാണെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് ആരോപിച്ചിരുന്നു. പാചകവാതക വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് നിവേദനം നല്‍കുകയും ചെയ്തിരുന്നു.