ആനന്ദ് തെല്‍തുംബ്ദെയുടെയും ഗൗതം നവ്‌ലേഖയുടെയും അറസ്റ്റ് മോദി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നടപടി: എം എ ബേബി
യുഎപിഎ നിയമപ്രകാരം രാഷ്ട്രീയപ്രവര്‍ത്തകരെയും ആശയപ്രചാരണം നടത്തുന്നവരെയും അറസ്റ്റുചെയ്യുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്.
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഭീമ- കൊറെഗാവ് കേസിന്റെ പേരില്‍ അംബേദ്കര്‍ ദിനത്തില്‍ ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ദെയെയും ഗൗതം നവ്‌ലേഖയെയും അറസ്റ്റുചെയ്തത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നടപടിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഫെയ്‌സ്ബുക്കിലൂടെയാണ് ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെതിരേ എം എ ബേബി രംഗത്തെത്തിയത്. യുഎപിഎ നിയമപ്രകാരം രാഷ്ട്രീയപ്രവര്‍ത്തകരെയും ആശയപ്രചാരണം നടത്തുന്നവരെയും അറസ്റ്റുചെയ്യുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവ് സംഭവത്തിന്റെ പേരിലാണ് നിരവധി ആക്ടിവിസ്റ്റുകളുടെ പേരില്‍ യു എപിഎ പ്രകാരം കേസെടുത്തിരിക്കുന്നത്.
മഹാരാഷ്ട്ര പോലിസ് അന്വേഷിച്ചിരുന്ന ഈ കേസ് അവിടെ പുതിയ സര്‍ക്കാര്‍ വന്നതോടെ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. അംബേദ്കര്‍ ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ദലിത് പണ്ഡിതന്‍ നാളെ ജയിലിലേക്കു പോവുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു തുറന്ന കത്തെഴുതിയിട്ടാണ് ആനന്ദ് തെല്‍തുംബ്‌ദെ എന്‍ഐഎ കസ്റ്റഡിയിലേക്കു പോയത്. ഇനി നമ്മള്‍ എന്നുസംസാരിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ, നാളെ നിങ്ങളുടെ ഊഴം വരുന്നതിനു മുമ്പ് നിങ്ങള്‍ സംസാരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു- എന്നാണ് അദ്ദേഹം ആ കത്ത് അവസാനിപ്പിക്കുന്നതെന്ന് എം എ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വയര്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താപത്രികയുടെ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരേ വാര്‍ത്തയുടെ പേരില്‍ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തതിനെയും കണ്ണന്‍ ഗോപിനാഥനെതിരായ കേന്ദ്രസര്‍ക്കാരിന്റെ വേട്ടയ്‌ക്കെതിരേയും മറ്റൊരു പോസ്റ്റില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. രാജ്യമെങ്ങും ലോക്ക് ഡൗണ്‍ ആരംഭിച്ച ശേഷം യുപി മുഖ്യമന്ത്രി അയോധ്യയില്‍ ഒരു മതചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള റിപോര്‍ട്ടിന്റെ പേരിലാണ് സിദ്ധാര്‍ഥിനെതിരേ കേസെടുത്തത്. പത്രസ്വാതന്ത്ര്യത്തിനുമേലുള്ള നഗ്‌നമായ കടന്നുകയറ്റമാണിത്. ഇന്ത്യയില്‍ പത്രങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമം നടത്തുന്നതില്‍ ഒന്നാം സ്ഥാനത്താണ് യോഗി സര്‍ക്കാര്‍.
എഡിറ്റേഴ്‌സ് ഗില്‍ഡ് പോലുള്ള സംഘടനകളും ഇരുനൂറോളം പത്രപ്രവര്‍ത്തകരും ഒക്കെ ആവശ്യപ്പെട്ടിട്ടും ഈ കേസ് പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് എം എ ബേബി കുറ്റപ്പെടുത്തി. ഇതിനു സമാനമാണ് ഐഎഎസില്‍നിന്നു രാജിവച്ച കണ്ണന്‍ ഗോപിനാഥനെതിരായ കേസ്. രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും അഭിപ്രായപ്രകടനസ്വാതന്ത്ര്യമില്ലായ്മയും കാരണമാണ് താന്‍ രാജിവയ്ക്കുന്നതെന്ന് കണ്ണന്‍ വ്യക്തമാക്കിയിരുന്നു. ഐഎഎസില്‍നിന്നു രാജിവയ്ക്കുന്ന ആദ്യത്തെ ആളല്ല ഈ യുവാവ്. പക്ഷേ, തന്റെ അഭിപ്രായങ്ങള്‍ ഉറച്ചു പറയാന്‍ തുടങ്ങിയ കണ്ണനെ തുടര്‍ച്ചയായി വേട്ടയാടുകയാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്ന് എം എ ബേബി കൂട്ടിച്ചേര്‍ത്തു.