മഹാരാഷ്ട്രയില്‍ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കും; മുഖ്യമന്ത്രി സ്ഥാനത്തില്‍ അന്തിമ തീരുമാനമായില്ല; പ്രധാന പോര് ഫഡ്‌നിവാസും ഷിന്‍ഡെയും തമ്മില്‍

Update: 2024-11-26 06:13 GMT

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ആകണമെന്നാണ് ആര്‍എസ്എസ്, എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവരുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഏക്നാഥ് ഷിന്‍ഡെയെ തുടരാന്‍ അനുവദിക്കണമെന്നാണ് ശിവസേന ഷിന്‍ഡെ പക്ഷം ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

അതിനാല്‍ ഇന്നു തന്നെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ച് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനായി മഹാരാഷ്ട്രയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഷിന്‍ഡെയെ പിണക്കാതിരിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ശിവസേന ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി. സംസ്ഥാനത്ത് ബിജെപി ഇത്രയേറെ സീറ്റുകള്‍ നേടുന്നത് ഇതാദ്യമായിട്ടാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപി തന്നെ സഖ്യസര്‍ക്കാരിനെ നയിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വവും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. എന്നാല്‍ ശിവസേനയുടെ കടുംപിടുത്തമാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അനിശ്ചിതത്വത്തിന് കാരണമായിട്ടുള്ളത്.

അതേസമയം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുംബൈയിലെ തന്റെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യിലേക്ക് അനുയായികള്‍ തടിച്ചുകൂടി എത്തരുതെന്ന് ശിവസേന പ്രവര്‍ത്തകരോട് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അഭ്യര്‍ത്ഥിച്ചു. 'മഹായുതി സഖ്യത്തിന്റെ മഹത്തായ വിജയത്തിന് ശേഷം, സംസ്ഥാനത്ത് നമ്മള്‍ സര്‍ക്കാര്‍ വീണ്ടും രൂപീകരിക്കും. ഒരു മഹാസഖ്യമെന്ന നിലയില്‍, ഞങ്ങള്‍ ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ഇന്നും ഒരുമിച്ചാണ്,' ഷിന്‍ഡെ അനുയായികളോട് പറഞ്ഞു.


Tags:    

Similar News