മഹാരാഷ്ട്ര സ്പീക്കറെ അധിക്ഷേപിച്ചു; 12 ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു

Update: 2021-07-05 10:34 GMT

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ അധിക്ഷേപിച്ചതിനു ബിജെപിയുടെ 12 എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് മണ്‍സൂണ്‍ സെഷനിലാണ് അധിക്ഷേപം നടന്നത്. സഞ്ജയ് കുട്ടെ, ആശിഷ് ഷെലാര്‍, അഭിമന്യു പവാര്‍, ഗിരീഷ് മഹാജന്‍, അതുല്‍ ഭട്കല്‍ക്കര്‍, പരാഗ് അലവ്‌നി, ഹരീഷ് പിമ്പലെ, രാം സത്പുട്ട്, വിജയ് കുമാര്‍ റാവല്‍, യോഗേഷ് സാഗര്‍, നാരായണ്‍ കുച്ചെ, കീര്‍ത്തികുമാര്‍ ബാംഗ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കര്‍ നാനാ പട്ടോളിക്കു പകരം ചെയറിലുണ്ടായിരുന്ന ജാദവ് സഭ മാറ്റിവച്ചപ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ കാബിനിലെത്തി അധിക്ഷേപിച്ചെന്നാണ് പരാതി. അതേസമയം, സര്‍ക്കാര്‍ കള്ളക്കഥ മെനയുകയാണെന്നും അധിക്ഷേപിച്ചെന്ന വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംഭവത്തില്‍ ഭാസ്‌കര്‍ ജാദവും അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്ററി കാര്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.

    ഒബിസി മറാത്ത സംവരണ വിഷയത്തില്‍ മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍, പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് സ്പീക്കര്‍ ഇന്‍ ചെയര്‍ ഭാസ്‌കര്‍ ജാദവ് വേണ്ടത്ര സമയം നല്‍കിയില്ലെന്ന് ആരോപിച്ച് സഭ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. ഇതിനിടെയാണ് നാടകീയ രംഗങ്ങളുണ്ടായത്. അതേസമയം, ഞങ്ങളുടെ എംഎല്‍എമാര്‍ സ്പീക്കറെ അധിക്ഷേപിച്ചിട്ടില്ലെന്നും ചൂടേറിയ വാദങ്ങളുണ്ടായെങ്കിലും എല്ലാ എംഎല്‍എമാര്‍ക്കും വേണ്ടി ഞങ്ങളുടെ മുതിര്‍ന്ന അംഗം ആശിഷ് ഷെലാര്‍ സ്പീക്കര്‍ ഇന്‍ ചെയര്‍ ഭാസ്‌കര്‍ ജാദവിനോട് ക്ഷമ ചോദിച്ചിരുന്നുവെന്നും പിന്നീട് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 'സര്‍ക്കാര്‍ താലിബാനെ പോലും ലജ്ജിപ്പിക്കുകയാണ്. സ്പീക്കര്‍ ചേംബറിനകത്ത് ശിവസേന എംഎല്‍എമാര്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിരുന്നു. എന്നിട്ടും ഞങ്ങള്‍ ചെയറിനോട് ക്ഷമാപണം നടത്തി. പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ട് ഛഗന്‍ ഭുജ്ബല്‍ പറഞ്ഞ തെറ്റായ വസ്തുതകള്‍ തിരുത്താനാണ് ഞാന്‍ ശ്രമിച്ചതെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി എംഎല്‍എ ആശിഷ് ഷെലാര്‍ പറഞ്ഞു.

12 BJP MLAs suspended from Maharashtra Assembly for one year

Tags:    

Similar News