കൊവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ ജൂണ്‍ 30ന് ശേഷം ലോക്ക് ഡൗണ്‍ പിന്‍വലിക്കില്ല- ഉദ്ധവ് താക്കറെ
ലോക്ക് ഡൗണ്‍ ഇളവുകള്‍ ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കുകയുള്ളൂ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയാല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 30ന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് വൈറസ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ലോക്ക് ഡൗണ്‍ ഇളവുകള്‍ ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കുകയുള്ളൂ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയാല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പൊതുഗതാഗതം ഉള്‍പ്പെടെയുള്ള കര്‍ശനനിയന്ത്രണങ്ങളോടെ മുംബൈ ഉള്‍പ്പെടെയുള്ള 10 പ്രധാന നഗരങ്ങളില്‍ റെഡ്‌സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊവിഡിനോടുള്ള തങ്ങളുടെ സമീപനവും ചികില്‍സയും വികസിതരാജ്യങ്ങള്‍ക്ക് തുല്യമാണ്. ഉദാഹരണത്തിന്, മരുന്നുകളുടെ കാര്യത്തില്‍ ഞങ്ങള്‍ ഡെക്സാമെതാസോണ്‍ മുതല്‍ റെംഡെസിവര്‍ വരെയുള്ള എല്ലാ മരുന്നുകളും പ്ലാസ്മ തെറാപ്പി പോലുള്ള ചികില്‍സകളും ഉപയോഗിക്കുന്നു. എന്നാല്‍, റെംഡെസിവര്‍ പോലെയുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ഇതിനായി ഏപ്രില്‍ അവസാനത്തോടെ തങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ചയാണ് അനുമതി ലഭിച്ചതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ലോകമെമ്പാടുമുള്ള കൊവിഡ് കേസുകളുടെ നിലവിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. നാലാംഘട്ട ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ബാര്‍ബര്‍ഷോപ്പുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ വീണ്ടും തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,59,133 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 7,273 ആയി.