മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല
അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന 10 തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. പൂനെ- സോളാപൂര്‍ റോഡില്‍ കുര്‍കുംഭ് പ്രദേശത്തുള്ള രാസനിര്‍മാണ ഫാക്ടറിയിലാണ് ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടാവുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന 10 തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുര്‍കുംബ് എംഐഡിസി (മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്‍), ബാരാമതി, പൂനെ അഗ്‌നിശമന സേനയില്‍നിന്നുള്ള നിരവധി യൂനിറ്റുകളെത്തി നാലുമണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം.
തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിവിധതരം രാസവസ്തുക്കള്‍ നിര്‍മിക്കുന്ന യൂനിറ്റാണിത്. രാസവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമായതിനാലാണ് വലിയതോതില്‍ നാശനഷ്ടത്തിന് കാരണമായത്. ഈ വര്‍ഷം മെയ് മൂന്നാം വാരത്തില്‍ ഇതേ പ്രദേശത്തെ മറ്റൊരു വ്യവസായ യൂനിറ്റിലും വന്‍തോതിലുള്ള തീപ്പിടുത്തമുണ്ടായി.