ഇന്ത്യക്കാരനല്ലെന്ന് പ്രഖ്യാപിച്ച് തടവിലിട്ട അസമുകാരന്‍ മരിച്ചു; മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍
അസമിലെ സോണിത്പുര്‍ ജില്ലയിലെ അലിസിംഗ ഗ്രാമത്തിലെ ദുലാല്‍ ചന്ദ്ര പോള്‍ (65) ആണ് ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച മരിച്ചത്. സര്‍ക്കാരിനെതിരേ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം തയ്യാറായില്ല.
ന്യൂഡല്‍ഹി: ഇന്ത്യക്കാരനല്ലെന്ന് മുദ്രകുത്തി അധികൃതര്‍ തടവിലിട്ട അസം സ്വദേശി മരിച്ചു. അസമിലെ സോണിത്പുര്‍ ജില്ലയിലെ അലിസിംഗ ഗ്രാമത്തിലെ ദുലാല്‍ ചന്ദ്ര പോള്‍ (65) ആണ് ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച മരിച്ചത്. സര്‍ക്കാരിനെതിരേ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം തയ്യാറായില്ല.
ദുലാല്‍ ചന്ദ്ര പോള്‍ വിദേശിയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ മൃതദേഹം ബംഗ്ലാദേശിന് കൈമാറണമെന്നാണ് കുടുംബത്തിന്റെ നിലപാട്. മൃതദേഹം ഏറ്റെടുക്കണമെങ്കില്‍ അദ്ദേഹം വിദേശിയല്ലെന്നും ഇന്ത്യക്കാരനാണെന്നും സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും കുടുംബാംഗങ്ങള്‍ ആവിശ്യപ്പെടുന്നു.
തേസ്പുര്‍ ജയിലിലെ പ്രത്യേക കേന്ദ്രത്തിലാണ് ദുലാല്‍ ചന്ദ്രയെ പാര്‍പ്പിച്ചിരുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയായിട്ടും സര്‍ക്കാര്‍ ദുലാല്‍ ചന്ദ്രയെ 2017ല്‍ വിദേശിയായി പ്രഖ്യാപിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.
അതിനിടെ, മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങളെ പ്രേരിപ്പിക്കാനായി സര്‍ക്കാര്‍ ഒരു പ്രതിനിധി സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്. ഇത്തരം തടങ്കല്‍ കേന്ദ്രങ്ങളിലെ 25 പേര്‍ ഇതുവരെ മരണപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 85 വയസ്സുകാരനും 45 ദിവസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന്റെ ഭാഗമായി 19 ലക്ഷത്തോളം പേര്‍ അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. രേഖകളില്ലെന്ന കാരണം പറഞ്ഞ് ഇന്ത്യക്കാരായ നിരവധി പേരെ പൗരത്വപട്ടികയില്‍ നിന്ന് പുറത്താക്കിയതായി ആരോപണമുയര്‍ന്നിരുന്നു.