'ആരോഗ്യസേതു' നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധം; കേന്ദ്രതീരുമാനത്തിനെതിരേ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ

ആരോഗ്യസേതു ആപ്പ് നടപ്പാക്കാനുള്ള തീരുമാനത്തിന് നിയമപിന്‍ബലമില്ല. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ ജോലിയാണെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ വ്യക്തമാക്കി.

Update: 2020-05-12 04:08 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ്- 19 ട്രാക്കിങ് ആപ്ലിക്കേഷനായ 'ആരോഗ്യസേതു' നിര്‍ബന്ധമാക്കിയതിനെതിരേ വിമര്‍ശനവുമായി സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ രംഗത്ത്. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാണ്. എന്തുനിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ബന്ധമാക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു. ആരോഗ്യസേതു ആപ്പ് നടപ്പാക്കാനുള്ള തീരുമാനത്തിന് നിയമപിന്‍ബലമില്ല. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ ജോലിയാണെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ വ്യക്തമാക്കി. ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയാണ് വ്യക്തിവിവര സംരക്ഷണ ബില്ലിന്റെ കരട് തയ്യാറാക്കിയത്.

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയശേഷം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് സ്വകാര്യ, പൊതുമേഖലാ ഓഫിസുകളിലെ ജീവനക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയത്. ദേശീയ ദുരന്തനിവാരണ നിയമം 2005 പ്രകാരം രൂപീകരിച്ച ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ആരോഗ്യസേതു ആപ്പ് ഇല്ലെങ്കില്‍ ആറുമാസംവരെ തടവോ ആയിരം രൂപ വരെ പിഴയോ ലഭിക്കുമെന്ന് നോയിഡ പോലിസ് വ്യക്തമാക്കുകയും ചെയ്തു. അതേസമയം, ആരോഗ്യസേതു ഇല്ലാത്തവര്‍ക്ക് പിഴയും തടവും അംഗീകരിക്കാനാവില്ലെന്ന് ബി എന്‍ ശ്രീകൃഷ്ണ വ്യക്തമാക്കി.

ഡാറ്റാ ചോര്‍ച്ച ഉണ്ടായാല്‍ ആരു മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചു. ഇത് ജനാധിപത്യരാജ്യമാണെന്ന് കരുതുന്നു. അതിനാല്‍, ഇത് കോടതിയില്‍ ചോദ്യംചെയ്യാനാവും. ആരോഗ്യസേതുവിലെ വിവരശേഖരണവും പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഇറക്കിയതിലും ജസ്റ്റിസ് ശ്രീകൃഷ്ണ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇങ്ങനെ ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ശരിയായ നടപടിയല്ല. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമപരമായ സംവിധാനമല്ല. പുതിയ മാര്‍ഗനിര്‍ദേശം ഒരു വകുപ്പുതല സര്‍ക്കുലറിന് സമാനമാണ്. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ ജോലിയാണ്. ഇവിടെ ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ ആര് മറുപടി പറയും. ആരെയാണ് അറിയിക്കേണ്ടതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നില്ലെന്നും ബി എന്‍ ശ്രീകൃഷ്ണ കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News