ആന്ധ്രാക്കാരിക്ക് വന്ന പാഴ്‌സലില്‍ പുരുഷന്റെ മൃതദേഹം; ഒന്നരക്കോടി ആവശ്യപ്പെട്ട് കത്തും

Update: 2024-12-20 10:36 GMT

അമരാവതി: ആന്ധ്രാപ്രദേശില്‍ യുവതിക്ക് വന്ന പാഴ്‌സലില്‍ പുരുഷന്റെ മൃതദേഹം. മൃതദേഹത്തിനൊപ്പം ഒന്നരക്കോടി ആവശ്യപ്പെട്ട കത്തും പോലിസ് കണ്ടെത്തി. പശ്ചിമ ഗോദാവരി ജില്ലയിലെ ഉണ്ടി മണ്ഡലത്തിലെ യെന്‍ഡഗണ്ടി ഗ്രാമത്തില്‍ നിന്നാണ് ദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നാഗ തുളസി എന്ന സ്ത്രീയ്ക്കാണ് പാഴ്‌സലല്‍ ലഭിച്ചത്. വീട് നിര്‍മിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയില്‍ ഈ യുവതി അപേക്ഷ നല്‍കിയിരുന്നു. സമിതി യുവതിക്ക് ടൈല്‍സ് അയച്ചിരുന്നു. പിന്നീട് നിര്‍മ്മാണത്തിന് കൂടുതല്‍ സഹായത്തിനായി സ്ത്രീ വീണ്ടും ക്ഷത്രിയ സേവാ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. വൈദ്യുതി ഉപകരണങ്ങള്‍ നല്‍കാമെന്ന് സമിതി ഉറപ്പും നല്‍കിയിരുന്നു.

ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയ സാധനങ്ങള്‍ നല്‍കുമെന്ന് യുവതിക്ക് വാട്സ്ആപ്പില്‍ സന്ദേശം ലഭിച്ചിരുന്നു. പിന്നീട് വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടുവാതില്‍ക്കല്‍ വെച്ച് ഒരാള്‍ പെട്ടി എത്തിച്ച് അതില്‍ വൈദ്യുതോപകരണങ്ങള്‍ ഉണ്ടെന്ന് അറിയിച്ച ശേഷം പോവുകയായിരുന്നു.

നാഗതുളസി പിന്നീട് പാഴ്സല്‍ തുറന്ന് നോക്കിയപ്പോഴാണ് അഞ്ജാത മൃതദേഹം കണ്ടത്.യുവതി ഉടന്‍ തന്നെ പോലിസില്‍ വിവരം അറിയിച്ചു. പോലിസ് എത്തി പരിശോധിച്ചപ്പോഴാണ് ഒന്നരക്കോടി ആവശ്യപ്പെട്ട കത്ത് കണ്ടെത്തിയത്. പണം നല്‍കാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കത്തിലുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏകദേശം 45 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നും മൃതദേഹത്തിന് നാലഞ്ച് ദിവസത്തെ പഴക്കം ഉണ്ടെന്നും പോലിസ് വ്യക്തമാക്കി.






Tags:    

Similar News