അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഗുജറാത്ത് ബാര്‍ കൗണ്‍സില്‍ അംഗം
അഹമദാബാദ്: അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കമെന്ന് ഗുജറാത്ത് ബാര്‍ കൗണ്‍സില്‍ അംഗം പരേഷ് വഗേല. ഭരണഘടനാ നിര്‍മാതാവായ അംബേദ്കറെ അവഹേളിച്ച വ്യക്തിയുള്ള ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് പരേഷ് വഗേല പറഞ്ഞു. ഈ മാസം 30ന് നടക്കാനിരിക്കുന്ന ഗുജറാത്ത് ബാര്‍ കൗണ്‍സില്‍ പരിപാടിയിലെ മുഖ്യാതിഥിയാണ് അമിത് ഷാ.
മൂന്നു ദിവസത്തിനുള്ളില്‍ അമിത് ഷാ മാപ്പ് പറഞ്ഞില്ലെങ്കില്‍ പരിപാടി ബഹിഷ്‌കരിക്കുമെന്നാണ് വഗേലയുടെ നിലപാട്. നിയമവിദ്യഭ്യാസം നേടി 6,000 വിദ്യാര്‍ഥികള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്ന ചടങ്ങാണ് ഡിസംബര്‍ 30ന് നടക്കുക. എന്നാല്‍, രാഷ്ട്രീയമില്ലാത്ത വേദിയില്‍ രാഷ്ട്രീയം കളിക്കുകയാണ് വഗേല ചെയ്യുന്നതെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജെ ജെ പട്ടേല്‍ വിമര്‍ശിച്ചു. ദലിത് സമുദായത്തില്‍ നിന്നുള്ള താന്‍ അംബേദ്കര്‍ ദര്‍ശനം പിന്തുടരുന്നയാളാണെന്നും അതിനാലാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും വഗേല ഇതിനോട് പ്രതികരിച്ചു.