യുപിയില്‍ കൊവിഡ് മെഡിക്കല്‍ സംഘത്തിന് നേരേ ആക്രമണം; നാലുപേര്‍ക്ക് പരിക്ക്
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ കൊവിഡ് രോഗികള്‍ക്കായുള്ള മരുന്നുകളുമായി പോയ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തിന് നേരേ ആക്രമണം. ഉത്തര്‍പ്രദേശിലെ പാസ്വാന്‍ ചൗക് ഗ്രാമത്തിലാണ് രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവരുടെ ഡ്രൈവറെയും അറുപതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. നാലുപേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കൊവിഡ് രോഗിയായ ഘന്‍ശ്യാമിനു മരുന്നുമായി പോയവരുടെ വാഹനമാണ് ആക്രമിക്കപ്പെട്ടതെന്നും മെഡിക്കല്‍ ഓഫിസര്‍ നീരജ് കുമാര്‍, ഡോ. അമിത് കുമാര്‍ ഗൗതം, ലാബ് അസിസ്റ്റന്റ് ഉപേന്ദ്ര പ്രസാദ്, ഡ്രൈവര്‍ ലാല്‍ ബഹാദൂര്‍ യാദവ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അഡീഷനല്‍ പോലിസ് സൂപ്രണ്ട് സഞ്ജയ് യാദവ് പറഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം അക്രമത്തിനു മുന്‍നിരയിലുണ്ടായിരുന്നുവെന്ന് പരിക്കേറ്റ മെഡിക്കല്‍ ഓഫിസര്‍ നീരജ് കുമാര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
സംഘത്തിന്റെ ആക്രമണത്തില്‍നിന്ന് ഒരുവിധം ഡോക്ടര്‍മാര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ജിതേന്ദ്ര എന്നയാളെ ബൈരിയ പോലിസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ കര്‍ശന വകുപ്പുകള്‍ ചുമത്തി നിയമനടപടികള്‍ ആരംഭിക്കുമെന്ന് ബല്ലിയ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അദിതി സിങ് പറഞ്ഞു.