ദുബയ്: കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍നിന്നുള്ള രണ്ടാം മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. കൊച്ചിയില്‍ നിന്ന് ഇത്തിഹാദ് എയര്‍ലൈന്‍സില്‍ ഇന്നു രാവിലെ എത്തിയ ഇവര്‍ക്ക് അബൂദബി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഇന്ത്യയുടെയും യുഎഇയുടെയും ദേശീയ പതാകകള്‍ കൈകളിലേന്തിയാണ് 105 അംഗ സംഘം വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. ഇവരെ നിറഞ്ഞ കൈയടികളോടെ യുഎഇ അധികൃതര്‍ വരവേറ്റു.
സംഘത്തിലേറെയും മലയാളി നഴ്‌സുമാരും പാരാമെഡിക്കല്‍ വിദഗ്ധരുമാണ്. യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമെത്തിയ ഐസിയു നഴ്‌സുമാര്‍ അടങ്ങുന്ന സംഘം യുഎഇയിലെ വിവിധ കൊവിഡ് കെയര്‍ ആശുപത്രികളില്‍ അടിയന്തര സേവനം നടത്തും. കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. വീട്ടുകാരുടെ എതിര്‍പ്പിനെ പോലും മറികടന്ന് ഗള്‍ഫിലേക്ക് വന്നവരുണ്ട്.