ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സായുധരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനുള്‍പ്പെടെ രണ്ട് സായുധരെ സൈന്യം വധിച്ചതായി പോലിസ് അറിയിച്ചു. ജമ്മു കശ്മീര്‍ കുല്‍ഗാം ജില്ലയിലെ മിര്‍ഹാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.
തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലെ മിര്‍ഹാമ മേഖലയില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഒളിച്ചിരുന്ന സായുധര്‍ സുരക്ഷാ സേനയ്ക്ക് നേരേ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലായി മാറിയതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട സായുധരില്‍ ഒരാള്‍ പാക് പൗരനാണെന്നും ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍ പെട്ടയാളാണെന്നും കശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഐജിപി) വിജയ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആക്രമണം നടത്താനുള്ള രണ്ട് പാക് സായുധരുടെ ശ്രമം സുരക്ഷാസേന വിഫലമാക്കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ട് സായുധരെയും സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ സിഐഎസ്എഫ് അസിസ്റ്റന്റ് എസ് പി പട്ടേല്‍ കൊല്ലപ്പെടുകയും ഒമ്പതു സുരക്ഷാ സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.