കശ്മീരില്‍ സായുധരുടെ വെടിയേറ്റ് രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സായുധരുടെ വെടിയേറ്റ് രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറിന് രജൗരി സൈനിക ആശുപത്രിക്ക് സമീപത്താണ് ആക്രമണമുണ്ടായത്. ആര്‍മി ക്യാംപില്‍ ചുമടെടുക്കാനും മറ്റും വരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. രജൗരി സ്വദേശികളായ ശാലീന്ദര്‍ കുമാര്‍, കമാല്‍ കിഷോര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം, സെന്യത്തിന്റെ വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് പ്രദേശവാസികള്‍ സ്ഥലത്ത് പ്രതിഷേധിച്ചു. ജമ്മു- രജൗരി ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സൈന്യവും പോലിസും സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ശൈത്യകാലമായതിനാല്‍ പ്രദേശത്ത് സാധാരണയായി ഇരുട്ടായിരിക്കുമ്പോള്‍ രാവിലെ 6.15 ഓടെയാണ് സംഭവം നടന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഡ്യൂട്ടിയിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പ്പിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.