മഹാരാഷ്ട്രയിലെ 'ആള്‍ക്കൂട്ട' കൊലപാതകം: അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ബിജെപി പ്രവര്‍ത്തകര്‍; സമഗ്രാന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
രാഷ്ട്രീയമൈലേജ് കിട്ടാന്‍ ബിജെപി വര്‍ഗീയരാഷ്ട്രീയം കളിച്ചതാണെന്ന് സാവന്ത് ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ദിവാഷി ഗാഡ്ചിഞ്ചാലെ ഗ്രാമം ബിജെപി കോട്ടയെന്നാണ് അറിയപ്പെടുന്നത്. ഗ്രാമത്തലവനും ബിജെപി നേതാവാണ്. അവിടെയാണ് സംഭവം നടക്കുന്നത്.
മുംബൈ: മഹാരാഷ്ട്രയില്‍ കവര്‍ച്ചക്കാരെന്നാരോപിച്ച് മൂന്നുപേരെ 'ആള്‍ക്കൂട്ടം' തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. കഴിഞ്ഞ വ്യാഴായ്ച പുലര്‍ച്ചെ മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ ദബധി ഖന്‍വേലില്‍ മൂന്നുപേരെ കൊലപ്പെടുത്തിയതില്‍ പോലിസ് അറസ്റ്റുചെയ്ത പ്രതികളില്‍ ഭൂരിഭാഗവും ബിജെപി പ്രവര്‍ത്തകരാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് ആവശ്യപ്പെട്ടു. നാസിക്കിലേക്ക് പോവുകയായിരുന്ന സുശീല്‍ഗിരി മഹാരാജ് (35), കാര്‍ ഡ്രൈവര്‍ നിലേഷ് തെല്‍ഗാഡെ (30), മഹാരാജ് കല്‍പാവ്‌റുക്ഷഗിരി (70) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമൈലേജ് കിട്ടാന്‍ ബിജെപി വര്‍ഗീയരാഷ്ട്രീയം കളിച്ചതാണെന്ന് സാവന്ത് ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ദിവാഷി ഗാഡ്ചിഞ്ചാലെ ഗ്രാമം ബിജെപി കോട്ടയെന്നാണ് അറിയപ്പെടുന്നത്. ഗ്രാമത്തലവനും ബിജെപി നേതാവാണ്. അവിടെയാണ് സംഭവം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ബിജെപിക്കാരാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ബിജെപി നിരസിക്കുകയാണ്. സംഭവത്തിനുശേഷം ബിജെപി വര്‍ഗീയപ്രചാരണങ്ങളും അഭ്യൂഹങ്ങളും അഴിച്ചുവിടുന്നുണ്ട്. അതുകൊണ്ടുതന്നെ 'ആള്‍ക്കൂട്ട കൊലപാതക'ത്തിന് പിന്നില്‍ ബിജെപിക്കുള്ള പങ്ക് അന്വേഷിക്കുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സാവന്ത് ട്വിറ്ററില്‍ ആവശ്യപ്പെട്ടതായി മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.
ജനങ്ങളെ അക്രമാസക്തരാക്കുന്ന ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ആരാണ്. ഇത് അന്വേഷിക്കണം. പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം കളിക്കാന്‍ ബിജെപിക്ക് ലജ്ജയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സമാനമായ സംഭവങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടി ഇപ്പോള്‍ പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് മറ്റൊരു ട്വീറ്റില്‍ സാവന്ത് കുറ്റപ്പെടുത്തി. അതേസമയം, സാവന്തിന്റെ ആരോപണം നിഷേധിച്ച് നിയമസഭാ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദാരേക്കര്‍ രംഗത്തെത്തി. കൊലപാതകത്തിലെ രാഷ്ട്രീയബന്ധം അന്വേഷിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ജില്ലാ പരിഷത്ത് അംഗം അക്രമത്തില്‍ പങ്കെടുത്തുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് ദാരേക്കര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഞങ്ങള്‍ പറയണോ ?.
പോലിസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പരാജയത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അത് വര്‍ഗീയവല്‍ക്കരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിനുശേഷം നിരവധി ബിജെപി നേതാക്കള്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള എന്‍സിപി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഹിന്ദുക്കളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചത്. കൊലപാതകത്തിന് വര്‍ഗീയനിറം നല്‍കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 101 പേരെയാണ് പാല്‍ഘര്‍ പോലിസ് അറസ്റ്റുചെയ്തിരിക്കുന്നത്.