മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബിജെപിയില്‍
മധ്യപ്രദേശില്‍ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നേപാനഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ സുമിത്രാ ദേവി കാസ്‌ദേക്കറാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രോ ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയ്ക്ക് സുമിത്രാ ദേവി രാജിക്കത്ത് കൈമാറി.
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശില്‍ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നേപാനഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ സുമിത്രാ ദേവി കാസ്‌ദേക്കറാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രോ ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയ്ക്ക് സുമിത്രാ ദേവി രാജിക്കത്ത് കൈമാറി. എംഎല്‍എയുടെ രാജി അംഗീകരിച്ചതായും എംഎല്‍എ രാജിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി. ബാദ എംഎല്‍എ പ്രദ്യുമന്‍ സിങ് ലോധി വ്യാഴാഴ്ച പാര്‍ട്ടിവിട്ടതിനു പിന്നാലെയാണ് ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍നിന്നു പുറത്തുപോയിരിക്കുന്നത്.
രാജിക്കു പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രദ്യുമന്‍ സിങ്ങിനു ഭക്ഷ്യസിവില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു. മാര്‍ച്ച് 24നുശേഷം മധ്യപ്രദേശ് നിയമസഭയില്‍നിന്ന് 24 കോണ്‍ഗ്രസ് എംഎല്‍എമാരാണു രാജിവച്ചിട്ടുള്ളത്. ഇതില്‍ 22 പേര്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം പാര്‍ട്ടി വിട്ടവരാണ്. 14 പേര്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ കാബിനറ്റ് റാങ്കിലുണ്ട്. സ്പീക്കര്‍ രാജി സ്വീകരിച്ചതോടെ സഭയിലെ കോണ്‍ഗ്രസ് അംഗബലം 90 ആയി കുറഞ്ഞു. കൂടാതെ, മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 26 എണ്ണം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ് തന്നെ അവഗണിച്ചതായും 15 മാസത്തെ ഭരണകാലത്ത് എന്റെ ആദിവാസി മണ്ഡലത്തില്‍ ഒരു വികസനവും നടന്നില്ലെന്നും ബിജെപിയില്‍ ചേരുന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കാസ്ദേക്കര്‍ പറഞ്ഞു. വികസനവിഷയത്തില്‍ താന്‍ പാര്‍ട്ടി നേതൃത്വത്തെയും മറ്റുള്ളവരെയും സന്ദര്‍ശിച്ചെങ്കിലും വെറുതെയായി. അതിനാല്‍, പ്രദേശത്തിന്റെ വികസനത്തിനായി ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു. കാസ്ദേക്കറെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ജനങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയാണെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേയും രാഹുല്‍ ഗാന്ധിക്കെതിരേയും അദ്ദേഹം രൂക്ഷവിമര്‍ശനവും നടത്തി.