മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ 15 മുതല്‍; രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം യാത്ര ചെയ്യാം

വാക്‌സിന്‍ ഡോസുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്ന ആപ്പ് പുറത്തിറക്കും. രണ്ടാമത്തെ ഡോസെടുക്കുന്നവര്‍ക്ക് ഈ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യാം. ഈ ആപ്പ് ഉപയോഗിച്ചോ അല്ലെങ്കില്‍ ഓഫിസുകളില്‍നിന്ന് പാസ് ഉപയോഗിച്ചോ ആളുകള്‍ക്ക് യാത്ര ചെയ്യാം.

Update: 2021-08-08 17:09 GMT

മുംബൈ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍ ശൃംഖല ആഗസ്ത് 15 മുതല്‍ തുറക്കുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിയണമെന്നും വ്യവസ്ഥയുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

'കൊവിഡ് നിയന്ത്രണങ്ങളില്‍ ഞങ്ങള്‍ ഇപ്പോള്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ജനങ്ങള്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. കേസുകള്‍ ഉയര്‍ന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരും. അതിനാല്‍, മറ്റൊരു തരംഗത്തെ ക്ഷണിച്ചുവരുത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു'- ഉദ്ധവ് താക്കറെ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

വാക്‌സിന്‍ ഡോസുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്ന ആപ്പ് പുറത്തിറക്കും. രണ്ടാമത്തെ ഡോസെടുക്കുന്നവര്‍ക്ക് ഈ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യാം. ഈ ആപ്പ് ഉപയോഗിച്ചോ അല്ലെങ്കില്‍ ഓഫിസുകളില്‍നിന്ന് പാസ് ഉപയോഗിച്ചോ ആളുകള്‍ക്ക് യാത്ര ചെയ്യാം. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത യാത്രക്കാര്‍ക്ക് നഗരത്തിലെ മുനിസിപ്പല്‍ വാര്‍ഡ് ഓഫിസുകളില്‍നിന്നും സബര്‍ബന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍നിന്നും ഫോട്ടോ പതിച്ച പാസുകളെടുക്കാം. ഈ പാസുകള്‍ ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്ക് മാത്രമുള്ളതാണ്. അതില്‍ QR കോഡുകളുണ്ടാവും. അതുകൊണ്ടുതന്നെ റെയില്‍വേയ്ക്ക് അവരുടെ ആധികാരികത പരിശോധിക്കാന്‍ കഴിയും. അനധികൃതമായി പാസുകള്‍ നേടാന്‍ ആരെയും അനുവദിക്കരുത്.

പൂര്‍ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത് യാത്ര ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിന് ശേഷം മാളുകളും റെസ്‌റ്റോറന്റുകളും തുറക്കുന്നത് ഉള്‍പ്പടെയുള്ള ഇളവുകള്‍ പ്രഖ്യാപിക്കും. നിലവില്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ അവശ്യസേവനങ്ങള്‍ നടത്തുന്നവര്‍ക്ക് വേണ്ടി മാത്രമാണ് സര്‍വീസ് നടത്തുന്നത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

രണ്ടാം തരംഗത്തില്‍നിന്ന് ഇതുവരെ പൂര്‍ണമായി കരകയറിയിട്ടില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരും ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വൈറസ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് താക്കറെ അഭ്യര്‍ഥിച്ചു. മഹാരാഷ്ട്രയില്‍ 5,508 പുതിയ കൊവിഡ് 19 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിനേക്കാള്‍ 553 എണ്ണത്തിന്റെ കുറവുണ്ടായട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 151 മരണങ്ങളും റിപോര്‍ട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News