മുംബൈയില്‍ ലോക്കല്‍ ട്രെയിനുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം
മുംബൈ: സര്‍വീസ് പുനരാരംഭിച്ച ലോക്കല്‍ ട്രെയിനുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്നു. കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും പിന്നീട് ഭാഗികമായി പുനരാരംഭിക്കുകയും ചെയ്‌തെങ്കിലും പൊതുജനങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. ഘട്ടംഘട്ടമായാണ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി നിശ്ചിത സമയക്രമത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു.
അവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സാമ്പത്തികമായി ദുര്‍ബലവിഭാഗങ്ങള്‍ക്കും പരിഗണന നല്‍കിയാണ് സര്‍വീസുകള്‍ നടത്തിവന്നിരുന്നത്. ആദ്യ സര്‍വീസ് മുതല്‍ രാവിലെ ഏഴ് വരെയും ഉച്ച മുതല്‍ വൈകീട്ട് നാല് വരെയും രാത്രി ഒമ്പത് മുതല്‍ അവസാന സര്‍വീസ് വരെയും ട്രെയിനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും. ബാക്കിയുള്ള സമയങ്ങളില്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവിവാഹിതര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പാസുള്ളവര്‍ തുടങ്ങി അവശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും ട്രെയിനുകളില്‍ പ്രവേശനം അനുവദിക്കുക. തനിച്ച് യാത്ര ചെയ്യുന്ന വനിതകള്‍ അടക്കം ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളത്.
ഇവര്‍ക്ക് യാത്ര ചെയ്യാന്‍ പ്രത്യേക പാസുകളും ആവശ്യമാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വനിതാ യാത്രക്കാര്‍ക്ക് ലോക്കല്‍ ട്രെയിനില്‍ യാത്ര അനുവദിച്ചത്. രാവിലെ 11 മുതല്‍ മൂന്ന് മണിവരെയും വൈകീട്ട് ഏഴ് മുതല്‍ അവസാന സര്‍വീസ് വരെയും യാത്ര ചെയ്യാനുള്ള അനുമതിയാണ് വനിതാ യാത്രക്കാര്‍ക്കുള്ളത്.
എന്നാല്‍, കുട്ടികള്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയില്ല. സ്റ്റേഷനിലും ട്രെയിനിലും ആയിരിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും സമ്പര്‍ക്കം കുറയ്ക്കുന്നതിന് സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് അധികൃതര്‍ എല്ലാ യാത്രക്കാരോടും അഭ്യര്‍ഥിച്ചു. അനുമതിയില്ലാത്ത യാത്രക്കാര്‍ ഒരുകാരണവശാലും റെയില്‍വേ സ്റ്റേഷനുകള്‍ എത്തരുതെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പുതിയ സര്‍വീസുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഓടുന്ന മൊത്തം ട്രെയിനുകളുടെ എണ്ണം 2,985 ആയി ഉയരുമെന്ന് സെന്‍ട്രല്‍ റെയില്‍വേ വ്യക്തമാക്കി.