സകാത്ത് വിനിയോഗിച്ച് മഹാരാഷ്ട്രയില്‍ ഐസിയു ഒരുക്കി; മുസ്‌ലിം സമൂഹം മാതൃകയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
പുണ്യമാസമായ റമദാനില്‍ സകാത്തിന്റെ വിഹിതമായി സ്വരൂപിച്ച 36 ലക്ഷം രൂപയാണ് ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയു സൗകര്യമൊരുക്കുന്നതിന് ധനസഹായമായി നല്‍കിയത്.
മുംബൈ: വാര്‍ഷികസമ്പത്തിന്റെ രണ്ടരശതമാനം സകാത്തായി നല്‍കണമെന്ന ഇസ്‌ലാമിലെ നിര്‍ബന്ധിത ബാധ്യത പൊതുസമൂഹത്തിന്റെ നന്‍മയ്ക്കായി വിനിയോഗിച്ച് മാതൃകയായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരുപറ്റം മുസ്‌ലിം സമൂഹം. മുംബൈയില്‍നിന്ന് 380 കിലോമീറ്റര്‍ അകലെയുള്ള മഹാരാഷ്ട്രയിലെ ഇച്ചാല്‍കാരന്‍ജി നഗരത്തിലാണ് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും യഥാര്‍ഥ ചൈതന്യമുള്ള ഈദ് ആഘോഷം നടന്നത്. പുണ്യമാസമായ റമദാനില്‍ സകാത്തിന്റെ വിഹിതമായി സ്വരൂപിച്ച 36 ലക്ഷം രൂപയാണ് ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയു സൗകര്യമൊരുക്കുന്നതിന് ധനസഹായമായി നല്‍കിയത്.
ഇച്ചാല്‍കാരന്‍ജി പട്ടണത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ (ഐജിഎം) സിവില്‍ ഹോസ്പിറ്റലില്‍ ഐസിയു സൗകര്യമില്ല. ഐസിയു സൗകര്യം ആവശ്യമുള്ള രോഗികളെ കോലാപ്പൂര്‍, സോളാപൂര്‍ തുടങ്ങിയ പട്ടണങ്ങളിലേക്കാണ് കൊണ്ടുപോയിരുന്നത്. ഈ പ്രതിസന്ധി കണക്കിലെടുത്ത് ഇച്ചാല്‍കാരന്‍ജിയിലെ മുസ്‌ലിം സംഘടനയായ സമസ്ത മുസ്ലിം സമാജ് (എസ്എംഎസ്) ആണ് വിശുദ്ധ റമദാന്‍ മാസത്തില്‍ പട്ടണത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ 10 കിടക്കകളുള്ള ഐസിയു സൗകര്യത്തിനായി ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് മുസ്‌ലിം ജനവിഭാഗങ്ങളില്‍നിന്ന് സകാത്തിന്റെ വിഹിതമായി തുക സമാഹരിച്ച് ജീവകാരുണ്യപ്രവര്‍ത്തനത്തിനായി കൈമാറിയത്.
ഇച്ചാല്‍കാരന്‍ജി പട്ടണത്തിലെ ജനസംഖ്യ മൂന്നുലക്ഷമാണ്. അതില്‍ മുസ്‌ലിംകള്‍ 15 ശതമാനം മാത്രമാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഈദ് ദിനത്തില്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ (ഐജിഎം) സിവില്‍ ഹോസ്പിറ്റലിന്റെ ഐസിയു വിഭാഗം ഉദ്ഘാടനം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധ ചെയ്ത അദ്ദേഹം, മുസ്‌ലിം സമൂഹത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ചു. ഇച്ചാല്‍കാരന്‍ജിയിലെ മുസ്ലിംകള്‍ രാജ്യത്തെ എല്ലാവര്‍ക്കും പുതിയൊരു വഴികാണിച്ചുതന്നിരിക്കുകയാണ്.
ഒരു പെരുന്നാള്‍ എങ്ങനെ ആഘോഷിക്കണമെന്നതിന് മുസ്ലിം സമൂഹം മാതൃക സൃഷ്ടിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഈ പട്ടണത്തിലെ മുസ്ലിംകളുടെ മികച്ചയൊരു പ്രവൃത്തിയാണെന്ന് ഐജിഎം സിവില്‍ ഹോസ്പിറ്റലിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജാവേദ് ബാഗ്വാന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയിലെ മറ്റെവിടെയുമുള്ള പട്ടണത്തിലെ മുസ്ലിംകള്‍ തീവ്രപരിചരണ വിഭാഗത്തിനായി സകാത്ത് പണം വിനിയോഗിച്ചതായി അറിവില്ല. കൊവിഡിനെതിരേ പോരാടാന്‍ ഇത് തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.