കോഹിമ: നാഗാലാന്‍ഡ് വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗസംഘത്തെ നിയോഗിച്ചു. നാഗാലാന്‍ഡ് ഐജിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ഐജി ലിമസുനേപ് ജമീര്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍മാരായ ഡിഐജി എം രൂപ ഐപിഎസ്, എസ്പി മനോജ് കുമാര്‍ (ക്രൈം), കിലാങ് വാളിങ്, എസ്പി റെലോ ആയെ എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ് അംഗങ്ങളെ അനുയോജ്യമെന്ന് കരുതുന്ന ടീമില്‍ എസ്‌ഐടി സഹകരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.
മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സായുധരെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ആളുമാറി വെടിവച്ചതാണെന്നാണ് റിപോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് ഗ്രാമീണര്‍ അസം റൈഫിള്‍സ് ക്യാംപ് ആക്രമിച്ചു. പ്രകോപിതരായ ജനക്കൂട്ടം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ അസം റൈഫിള്‍സ് ക്യാംപും കൊന്യാക് യൂനിയന്റെ ഓഫിസും അടിച്ചുതകര്‍ത്തു. ചില വാഹനങ്ങള്‍ ഇവര്‍ തീയിടുകയും ചെയ്തു. പ്രദേശവാസികള്‍ നടത്തിയ കല്ലേറില്‍ ഒരു കമാന്‍ഡോ കൊല്ലപ്പെടുകയും ഏഴ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെടിവയ്പ്പില്‍ ഉള്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷസേന നടത്തിയ ഓപറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ മേഖലയിലെ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനം റദ്ദാക്കി.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് ടിസിറ്റ് പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും മോണ്‍ ജില്ലാ പോലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം സുഗമമാക്കുന്നതിനും മുഴുവന്‍ കേസിന്റെയും സങ്കീര്‍ണത പരിശോധിക്കുന്നതിനും മോണ്‍ ജില്ലയ്ക്ക് അപ്പുറത്തുള്ള ഒന്നിലധികം അധികാരപരിധികളിലേക്ക് അന്വേഷണം വ്യാപിച്ചേക്കാം. അതിനാല്‍ കേസ് സ്റ്റേറ്റ് ക്രൈം പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റുന്നു- സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എഡിജിപി (ക്രമസമാധാനം) സന്ദീപ് എം താംഗാഡ്‌ഗെ ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.