ലഖിംപൂര്‍ സംഘര്‍ഷം: അന്വേഷണ മേല്‍നോട്ടത്തിന് ജഡ്ജിയെ നിയമിച്ച് കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് ഇന്ന്

ഉത്തര്‍പ്രദേശിന് പുറത്തുള്ള വിരമിച്ച ജഡ്ജിയെയാണ് പരിഗണിക്കുന്നത്.

Update: 2021-11-17 04:18 GMT

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതിലാണ് കോടതി ഇന്ന് ഉത്തരവിറക്കുക. ഉത്തര്‍പ്രദേശിന് പുറത്തുള്ള വിരമിച്ച ജഡ്ജിയെയാണ് പരിഗണിക്കുന്നത്.

അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി രാകേഷ് കുമാര്‍ ജയിന്റെ പേരാണ് പരിഗണനയില്‍ ഉള്ളതെന്നാണ് റിപോര്‍ട്ട്.

യുപി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍, അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ യുപി പോലിസിനെ സുപ്രിംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ പുനഃക്രമീകരിക്കുന്നതിലും സുപ്രിം കോടതി തീരുമാനമെടുത്തേക്കും. യുപി കേഡറിലുള്ളവരും എന്നാല്‍ സംസ്ഥാനത്തുള്ളവരുമല്ലാത്ത ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ കോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് കുമാര്‍ മിശ്രയും സംഘവും വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നത്. നാലു പേരെ സമരക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബിജെപിയും ആരോപിച്ചിരുന്നു

Tags:    

Similar News