ഗാന്ധി- നെഹ്‌റു കുടുംബം പ്രധാനമന്ത്രിയുടെ ഓഫിസിനെ ഒരിക്കലും ബഹുമാനിച്ചിട്ടില്ല; കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് ജെ പി നഡ്ഡ
പ്രധാനമന്ത്രിയുടെ ഓഫിസിനോട് അനാദരവ് കാണിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് വസ്തുതകള്‍ മറച്ചുവച്ച് സംസാരിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
ന്യൂഡല്‍ഹി: ഗാന്ധി- നെഹ്‌റു കുടുംബം പ്രധാനമന്ത്രിയുടെ ഓഫിസിനെ ഒരിക്കലും ബഹുമാനിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. കേന്ദ്രസര്‍ക്കാരിനെതിരേ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫിസിനോട് അനാദരവ് കാണിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് വസ്തുതകള്‍ മറച്ചുവച്ച് സംസാരിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് കോണ്‍ഗ്രസിന് ഒരിക്കലും ആധികാരികമായി സംസാരിക്കാനാവില്ല. ദശാബ്ദങ്ങളായി ഭിന്നാഭിപ്രായങ്ങളെ കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടിട്ടുള്ളത്. അതിന്റെ ഉദാഹരണങ്ങള്‍ അടിയന്തരാവസ്ഥാ കാല്തതെ നേര്‍ക്കാഴ്ചകളാണ്. പിന്നീട് രാജീവ് ഗാന്ധി സര്‍ക്കാരും മാധ്യമസ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ധീരമായ ശ്രമം നടത്തി. മാധ്യമസ്വാതന്ത്ര്യം കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുകയാണ് ചെയ്തിട്ടുള്ളത്.
കോണ്‍ഗ്രസിന്റെ തനത് ശൈലിയില്‍ ഒരു സംസ്ഥാനത്തിന്റെ അധികാരം ക്രൂരമായി ഉപയോഗിക്കുന്നതിന്റെയും എതിരാളികളെ ദ്രോഹിക്കുന്നതിന്റെയും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെയും ഒരു പരീക്ഷണശാല കാണണമെങ്കില്‍ കോണ്‍ഗ്രസിന്റെ അനുഗ്രഹത്തോടെ ഭരണം നടത്തുന്ന മഹാരാഷ്ട്രാ സര്‍ക്കാരിനെ ശ്രദ്ധിച്ചാല്‍ മാത്രംമതി. ഭരണം ഒഴികെയുള്ളതെല്ലാം അവര്‍ ചെയ്യുന്നുണ്ടെന്നും നഡ്ഡ ആരോപിച്ചു.
മൗലികാവകാശങ്ങളിലൊന്നായ അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തലിലൂടെയും ഭീഷണിപ്പെടുത്തലിലൂടെയും രാജ്യത്ത് ഇല്ലാതാക്കിയിരിക്കുകയാണെന്ന് സോണിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു. പൗരന്‍മാരുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ അത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്നു. ജനങ്ങളുടെ യഥാര്‍ഥപ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുകയാണ് ഇന്ത്യയിലെ ഭരണകൂടം ഇപ്പോള്‍ ചെയ്യുന്നത്.
എല്ലായിടത്തും രാജ്യസുരക്ഷയ്ക്കുനേരെ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും സോണിയ കുറ്റപ്പെടുത്തി. എന്നാല്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നതെന്ന് ജെ പി നഡ്ഡ തിരിച്ചടിച്ചു. കോണ്‍ഗ്രസ് നുണപ്രചാരണം നടത്തുമ്പോഴും ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനപിന്തുണ വര്‍ധിക്കുകയാണ്. ദാരിദ്ര്യത്തില്‍ ജനിക്കുകയും പിന്നീട് പ്രധാനമന്ത്രിയായി മാറുകയും ചെയ്ത ഒരാളോട് കുടുംബവാഴ്ചക്കാര്‍ക്ക് തോന്നുന്ന കടുത്ത ശത്രുത ചരിത്രപരമാണ്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പഞ്ചാബില്‍ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിയെയും നഡ്ഡ വിമര്‍ശിച്ചു. രാഹുല്‍ സംവിധാനം ചെയ്ത കോലം കത്തിക്കല്‍ നാടകം അപമാനകരമാണ്. എന്തായാലും നെഹ്റു- ഗാന്ധി കുടുംബം പ്രധാനമന്ത്രിയുടെ കാര്യാലയത്തെ ബഹുമാനിച്ചിട്ടില്ല. 2004-2014 യുപിഎ കാലത്ത് പ്രധാനമന്ത്രിയുടെ അധികാരം ദുര്‍ബലപ്പെട്ടത് നാം കണ്ടതാണ്- നഡ്ഡ കൂട്ടിച്ചേര്‍ത്തു.