രാഹുല്‍ ബജാജിന്റെ വാക്കുകള്‍ ദേശതാത്പര്യത്തിന് വിരുദ്ധം; നിര്‍മല സീതാരാമന്‍
കേന്ദ്ര മന്ത്രിസഭയിലെ അമിത് ഷായും ധനമന്ത്രി നിര്‍മലാ സീതാരാമും വന്‍കിട വ്യവസായികളും പങ്കെടുത്ത ഇക്കണോമിക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം.
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബജാജിന്റ പ്രസ്താവന ദേശതാല്‍പര്യത്തിന് വിരുദ്ധമാണന്ന് മറുപടി പറഞ്ഞാണ് നിര്‍മല സീതാരാമന്‍ രംഗത്ത് വന്നിരിക്കുന്നത്. ബജാജ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്.
സ്വന്തം ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ മികച്ച മാര്‍ഗ്ഗം എല്ലായ്‌പ്പോഴും ഉത്തരം തേടുന്നതാണ് , അത് ഏറ്റുപിടിക്കുന്നത് ദേശീയ താല്‍പ്പര്യത്തെ ബാധിക്കും, എന്ന് സീതാരാമന്‍ ട്വീറ്റ് ചെയതു. കേന്ദ്ര മന്ത്രിസഭയിലെ അമിത് ഷായും ധനമന്ത്രി നിര്‍മലാ സീതാരാമും വന്‍കിട വ്യവസായികളും പങ്കെടുത്ത ഇക്കണോമിക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം. രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വ്യവസായികള്‍ ഭയപ്പെടുന്നവെന്നും നേരത്തേ അങ്ങനെയായിരുന്നില്ല എന്നായിരുന്നു ബജാജ് ഗ്രൂപ്പ് തലവന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോടു തുറന്നടിച്ചത്. ഇതോടെ ബജാജിന്റെ വിമര്‍ശനം ജനശ്രദ്ധ നേടി.
അമിത് ഷായോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ സദസ്യര്‍ക്ക് അവസരം നല്‍കിയപ്പോഴാണു രാഹുല്‍ ബജാജ് എഴുന്നേറ്റു നിന്ന് ഈ വിമര്‍ശനം നടത്തിയത്. രാഹുല്‍ ബജാജിന്റെ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ വേദിയില്‍ വെച്ച് മറുപടി പറഞ്ഞെങ്കിലും രാജ്യത്ത് ഇത് വലിയ പ്രചാരം നേടിയത് ബിജെപിയെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് ബജാജിന്റെ പ്രസ്താവനക്കെതിരെ ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.