വ്യവസായബന്ധ നിയമസംഹിത തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

പ്രസ്തുത നിയമത്തിലെ പല വകുപ്പുകളും തൊഴിലാളികളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്നും അതിനാല്‍ തന്നെ അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-11-28 09:14 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യവും കൂട്ടായി വിലപേശാനുളള അവകാശവും നിഷേധിക്കുന്നതാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ബില്ലിന്റെ അവതരണത്തെ എതിര്‍ത്തു കൊണ്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്തുത നിയമത്തിലെ പല വകുപ്പുകളും തൊഴിലാളികളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്നും അതിനാല്‍ തന്നെ അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കൂടി പങ്കാളിയായിട്ടുളള ഐഎല്‍ഒ കണ്‍വെന്‍ഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ലംഘിക്കുന്നതാണ് നിയമത്തിലെ വ്യവസ്ഥകള്‍. തൊഴിലാളികള്‍ തന്നെ യൂണിയന്‍ ഭാരവാഹിയായിരിക്കണമെന്ന വ്യവസ്ഥയും ട്രേഡ് യൂണിയന്‍ ഭാരവാഹിത്വം നിയന്ത്രിക്കുന്നതും തൊഴിലാളി വിരുദ്ധമാണ്.

സ്ഥാപനം സാമ്പത്തിക മാന്ദ്യമൊ മറ്റൊ കാരണം ജോലിക്കാരെ പിരിച്ചു വിടുന്നതിന് മുമ്പ് അനുയോജ്യ ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുവാദം വേണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യുന്നത് ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 300ന് മുകളില്‍ തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്ക് മാത്രം അനുമതി വാങ്ങിയാല്‍ മതിയെന്ന വ്യവസ്ഥ നടപ്പായാല്‍ രാജ്യത്തെ 85ശതമാനം സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിക്ക് പുറത്താകുമെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 19(സി), 43 എന്നീ അനുച്ഛേദങ്ങളുടെയും ഐ.എല്‍.ഒ കണ്‍വെന്‍ഷന്‍ 87, 98 എന്നിവ അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമാകയാല്‍ ബില്ലിന് നിയമനിര്‍മ്മാണ യോഗ്യതയില്ലെന്നും അവതരണാനുമതി നല്‍കരുതെന്നും പ്രേമചന്ദ്രന്‍ വാദിച്ചു. ഇതേതുടര്‍ന്ന് ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയ്ക്ക് വിടാന്‍ സന്നദ്ധമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സഭയെ അറിയിച്ചു.

Tags:    

Similar News