സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം എന്‍ഐഎയുടെ അന്വേഷണപരിധിയില്‍പ്പെടുത്തണം; എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ജിഎഡി പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ഏജസികള്‍ ചോദ്യംചെയ്തതിന് തൊട്ടുപിന്നാലെയുളള തീപ്പിടിത്തം തെളിവുകള്‍ നശിപ്പിക്കുന്നതിനിടയാക്കുന്നതാണ്.

Update: 2020-08-26 10:13 GMT

ന്യൂഡല്‍ഹി: എന്‍ഐഎ അന്വേഷിക്കുന്ന കേരളത്തിലെ സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടുന്ന ഫയലുകള്‍ സൂക്ഷിക്കുന്ന സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ സെക്ഷനിലുണ്ടായ തീപ്പിടിത്തം എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കും, ധനകാര്യമന്ത്രിയ്ക്കും കത്തു നല്‍കി. ജിഎഡി പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ഏജസികള്‍ ചോദ്യംചെയ്തതിന് തൊട്ടുപിന്നാലെയുളള തീപ്പിടിത്തം തെളിവുകള്‍ നശിപ്പിക്കുന്നതിനിടയാക്കുന്നതാണ്.

അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാര്യമായ കാലതാമസം വരുത്തുകയും തെളിവുകളായ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാരമാത്രം കത്തുകയും ചെയ്തതില്‍ അസ്വാഭാവികതയുണ്ട്. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഹരികൃഷ്ണന്‍, ജിഎഡി പൊളിറ്റിക്കല്‍ അഡീഷനല്‍ സെക്രട്ടറിയും മുന്‍ പ്രോട്ടോക്കോള്‍ ഓഫിസറുമായ ഷൈന്‍ എ ഹക്ക് എന്നിവര്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിലും നിരീക്ഷണത്തിലും തുടരവെയാണ് തീപ്പിടുത്തമെന്നത് ശ്രദ്ധേയമാണ്. തീപ്പിടിത്തം നടന്നത് ഓഫിസ് പ്രവര്‍ത്തനസമയത്താണ്.

ജിഎഡി പൊളിറ്റിക്കല്‍ വിഭാഗം ഓഫിസ് സമയം കഴിഞ്ഞുപോലും സാധാരണ ഗതിയില്‍ പ്രവര്‍ത്തനം നടക്കുന്ന സെക്ഷനാണ്. എന്നാല്‍, തീപ്പിടിത്തമുണ്ടായ സമയത്ത് സെക്ഷനില്‍ ആരുമുണ്ടായിരുന്നില്ല എന്നത് വിഷയത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് പ്രമേചന്ദ്രന്‍ ചൂണ്ടിക്കാട്ടി. തീപ്പിടിത്തമുണ്ടായതിന് ശേഷം ഫയലുകള്‍ പരിശോധന നടത്തേണ്ടതും നഷ്ടപ്പെട്ടത് തിട്ടപ്പെടുത്തേണ്ടതും ബന്ധപ്പെട്ട സെക്ഷന്റെ ചുമതലയുളള ഹരികൃഷ്ണന്‍, സുനില്‍കുമാര്‍, ഷൈന്‍ എ ഹക്ക് എന്നീ ഉദ്യോഗസ്ഥരാണ്. അവരെല്ലാം മൗനം പാലിക്കുകയും സിപിഎം അനുകൂലസംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ഹണി നഷ്ടപ്പെട്ട ഫയലുകളുടെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തത് ആസൂത്രിതമായ നടപടിയാണ്.

സിസിടിവി വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ തര്‍ക്കമുന്നയിച്ച സംഘടനാ നേതാവ് തീപ്പിടിച്ച ഉടനെ നഷ്ടപ്പെട്ട ഫയലുകളുടെ സ്വഭാവം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയതിന്റെ പിന്നിലുളള ദുരൂഹത പുറത്തുകൊണ്ടുവരേണ്ടതാണ്. രാജ്യദ്രോഹ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതു ഗുരുതരമായ കുറ്റകൃത്യമാണ്. സെക്രട്ടേറിയറ്റിലെ സുരക്ഷ ഉറപ്പാക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക വിഭാഗം സെക്രട്ടേറിയറ്റിനുളളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിപിഎം അനുകൂലസംഘടനയിലെ ജനറല്‍ സെക്രട്ടറി നിയന്ത്രിക്കുന്ന യൂനിറ്റിലെ ഉദ്യോഗസ്ഥരും തീപ്പിടിക്കുന്ന സമയം സെക്രട്ടേറിയറ്റിലുണ്ടായിരുന്നില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളള ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരേയും തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ ചീഫ് സെക്രട്ടറി നേരിട്ട് രംഗപ്രവേശനം ചെയ്തത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തണം. അവശേഷിക്കുന്ന തെളിവുകളും നശിപ്പിക്കുന്നതിന് മുമ്പ് അവ കണ്ടെത്തി എന്‍ഐഎ സൂക്ഷിക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ കത്തില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News