ബിജെപിക്ക് ശിവസേനയുടെ അന്ത്യശാസന; മുഖ്യമന്ത്രിപദം പങ്കുവയ്ക്കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കാതെ സര്‍ക്കാര്‍ രൂപീകരണത്തിനില്ല
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടുദിവസത്തിനകം തന്നെ ബിജെപി സഖ്യത്തില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രിപദവി രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കാമെന്ന് ബിജെപിയും അമിത് ഷായും രേഖാമൂലം ഉറപ്പ് നല്‍കാതെ സര്‍ക്കാര്‍ രൂപീകരണവുമായി സഹകരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി.
മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടുദിവസത്തിനകം തന്നെ ബിജെപി സഖ്യത്തില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രിപദവി രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കാമെന്ന് ബിജെപിയും അമിത് ഷായും രേഖാമൂലം ഉറപ്പ് നല്‍കാതെ സര്‍ക്കാര്‍ രൂപീകരണവുമായി സഹകരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി.
ശിവസേനാ എംഎല്‍എമാരുമായും ഉദ്ദവ് താക്കറെയുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷം ശിവസേനാ എംഎല്‍എ പ്രതാവ് സര്‍നായിക് ആണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
''ബിജെപിയിലെ ഉന്നത നേതാക്കളില്‍ നിന്ന്, അത് അമിത് ഷാ ആവട്ടെ അല്ലെങ്കില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ആവട്ടെ, മുഖ്യമന്ത്രി പദവി തുല്യമായി വീതിക്കുമെന്ന രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് ഉദ്ദവ് ജിയുടെ തീരുമാനം''-സര്‍നായിക് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ചില കാരണങ്ങള്‍ കൊണ്ട് സീറ്റുകള്‍ തുല്യമായി ഭാഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നല്‍കിയ വാഗ്ദാനം പാലിക്കാനുള്ള സമയമാണിത്. മുഖ്യമന്ത്രി പദവി തുല്യമായി ഭാഗിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണം നടക്കുകയുള്ളു-സര്‍നായിക് വ്യക്തമാക്കി.
ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് അന്തിമതീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിവസേനാ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 122 സീറ്റുകളില്‍ നിന്ന് 17 സീറ്റുകള്‍ കുറഞ്ഞിരുന്നു. ശിവസേനയ്ക്ക് 56 സീറ്റുകളാണ് ലഭിച്ചത്. സേനയുടെ പിന്തുണയില്ലാതെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന സാഹചര്യമാണുള്ളത്. എന്‍സിപിക്ക് 54 സീറ്റുകളും കോണ്‍ഗ്രസിന് 44 സീറ്റുകളുമുണ്ട്.
ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.