ശിവസേനയുമായി മുഖ്യമന്ത്രി പദവി പങ്കുവയ്ക്കാമെന്ന് വാഗ്ദാനമില്ല: ഫഡ്‌നാവിസ്
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയും അങ്ങിനെ എന്തെങ്കിലും ധാരണ ഉണ്ടാക്കിയതായി അറിവില്ല.
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കാമെന്ന് ശിവസേനയുമായി ധാരണയുണ്ടാക്കിയതായി അറിവില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയും അങ്ങിനെ എന്തെങ്കിലും ധാരണ ഉണ്ടാക്കിയതായി അറിവില്ല.
ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവി നല്‍കുന്നതു സംബന്ധിച്ച് ഫോര്‍മുലയൊന്നുമില്ലെന്ന് നേരത്തേ ഫഡ്‌നാവിസ് പറഞ്ഞിരുന്നു. എന്നാല്‍, ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റുമാണ് ലഭിച്ചത്. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നും മുഖ്യമന്ത്രിപദവി രണ്ടര വര്‍ഷം വീതമെന്ന നിലയില്‍ തുല്യമായി വിഭജിക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഇതു സംബന്ധമായി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ധാരണയിലെത്തിയിരുന്നുവെന്നും ശിവസേന അവകാശപ്പെടുന്നു.
അതേ സമയം, ശിവസേനാ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. 45 ശിവസേനാ എംഎല്‍എമാര്‍ ഫഡ്‌നാവിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ഉദ്ദവ് താക്കറെയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി സഞ്ജയ് കാക്ക്‌ഡെ പറഞ്ഞു. നിലവില്‍ മറ്റുവഴികളൊന്നും മുന്നില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.