സ്വവര്‍ഗ പങ്കാളിയെ ഇന്‍ഷൂറന്‍സ് നോമിനിയാക്കാം; ബാങ്ക് അക്കൗണ്ടിലും പേര് നിര്‍ദേശിക്കാം
കൊല്‍ക്കത്തയിലെ സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എല്‍ഐസി ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്‍ക്കത്ത: സ്വവര്‍ഗ പങ്കാളിയെ ഇന്‍ഷുറന്‍സ് നോമിനിയാക്കുന്നതിനു നിയമപരമായ തടസ്സമൊന്നുമില്ലെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി). കൊല്‍ക്കത്തയിലെ സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എല്‍ഐസി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വവര്‍ഗ പങ്കാളികള്‍ ഉള്‍പ്പെടെ ആരെയും നോമിനിയായി നിര്‍ദേശിക്കാമെന്ന് എല്‍ഐസി മറുപടിയില്‍ വ്യക്തമാക്കിയതായി അപേക്ഷ നല്‍കിയ സുചന്ദ്ര ദാസും ശ്രീ മുഖര്‍ജിയും പറഞ്ഞു. അപരിചിതരെയും നോമിനിയാക്കാമെന്നാണ് എല്‍ഐസി അറിയിച്ചിട്ടുള്ളത്. ജന്മനാലോ മറ്റേതെങ്കിലും തരത്തിലോ ബന്ധമുള്ളയാളെ നോമിനിയാക്കണം എന്നു നിര്‍ബന്ധമില്ല.
ബാങ്ക് അക്കൗണ്ടിലെ നോമിനിയെ നിര്‍ദേശിക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്കിനും വിവരാവകാശ അപേക്ഷ നല്‍കിയിരുന്നതായി ദമ്പതികള്‍ അറിയിച്ചു. ഇതിന് ആര്‍ബിഐ മറുപടി നല്‍കിയെങ്കിലും വ്യക്തത കുറവുണ്ട്. എന്നാല്‍ നോമിനിയെ നിര്‍ദേശിക്കുന്നതു സംബന്ധിച്ച് ബാങ്കിങ് റെഗുലേഷന്‍സ് നിയമത്തില്‍ വ്യവസ്ഥയൊന്നും വച്ചിട്ടില്ലെന്ന് ആര്‍ബിഐ അറിയിച്ചതായി അവര്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ നോമിനിയായി ആരെയും നിര്‍ദേശിക്കാമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് സുചന്ദ്രദാസ് പറഞ്ഞു.