മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഫെഡറല്‍ ബാങ്കിന് 5.72 കോടി രൂപ പിഴ ചുമത്തി റിസര്‍വ്വ് ബാങ്ക്
ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്/കോര്‍പ്പറേറ്റ് ഏജന്‍സി സേവനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് ആര്‍ബിഐ പിഴ ചുമത്തിയത്.
ന്യൂഡല്‍ഹി: ഫെഡറല്‍ ബാങ്കിന് 5.72 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്/കോര്‍പ്പറേറ്റ് ഏജന്‍സി സേവനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് ആര്‍ബിഐ പിഴ ചുമത്തിയത്. ഇന്‍ഷുറന്‍സ് ഏജന്‍സി സേവനങ്ങളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനി ഒരു പ്രോത്സാഹനവും അതായത് പണമായോ അല്ലാതെയോ നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ബാങ്ക് പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ ബാങ്ക് പിഴ ഈടാക്കിയത്
നോയുവര്‍കസ്റ്റമര്‍ (കെവൈസി) മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആര്‍ബിഐ 70 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി ഉപഭോക്താക്കള്‍ക്ക് യുണീക് കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ കോഡ് (യുസിഐസി) അനുവദിക്കുന്നതില്‍ ബാങ്ക് ഓഫ് ഇന്ത്യ പരാജയപ്പെട്ടെന്നും സമയപരിധി നീട്ടി നല്‍കിയിട്ട് പോലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
റെഗുലേറ്ററി നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിനും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനും യഥാക്രമം 1.05 കോടി രൂപയും ഒരു കോടി രൂപയും ആര്‍ബിഐ പിഴ ചുമത്തിയിട്ടുണ്ട്.
ആര്‍ബിഐ ചുമത്തിയത്തില്‍ ഏറ്റവും വലിയ പിഴ 58.9 കോടി രൂപയാണ്. 2018ല്‍ ഐസിഐസിഐ ബാങ്കിനാണ് ഇത്രയും വലിയ തുക പിഴ ചുമത്തുന്നത്. സര്‍ക്കാര്‍ ബോണ്ടുകള്‍ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ആര്‍ബിഐ പിഴ ചുമത്തിയത്.