ഒബിസി ബില്‍: കേന്ദ്രസര്‍ക്കാര്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍: എ എം ആരിഫ് എംപി
ന്യൂഡല്‍ഹി: 2014ല്‍ അധികാരത്തില്‍ വന്നത് മുതല്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസം സംരക്ഷിക്കാന്‍ എന്ന വ്യാജേന ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഈ വിഷയത്തില്‍ മുതലക്കണ്ണീരാണ് ഒഴുക്കുന്നതെന്നും എ എം ആരിഫ് എംപി അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരികെ നല്‍കാനായുള്ള ഭരണഘടന ഭേദഗതി ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എംപി.
കര്‍ഷക നിയമങ്ങളുടെയും വിദ്യാഭ്യാസ നയത്തിന്റെയും കാര്യത്തില്‍ ഫെഡറലിസത്തിന് പുല്ലുവിലയാണ് കേന്ദ്രസര്‍ക്കാര്‍ കല്‍പ്പിച്ചത്. വാക്‌സിന്‍ വിഷയത്തില്‍ ഫെഡറലിസത്തിന്റെ പ്രാധാന്യം സുപ്രിംകോടതി ഓര്‍മിപ്പിച്ചതുകൊണ്ട് മാത്രമാണ് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കിയതും അതുവഴി സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പതിപ്പിച്ചുനല്‍കാന്‍ നരേന്ദ്രമോദിയ്ക്ക് കഴിഞ്ഞതെന്നും ഓര്‍മപ്പെടുത്തിയ എംപി, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയപ്പോഴാണ് പിന്നാക്ക ക്ഷേമത്തെപ്പറ്റി സര്‍ക്കാരിന് ഓര്‍മവന്നതെന്ന് കുറ്റപ്പെടുത്തി.