അര്‍ജുന പുരസ്‌കാര ജേതാവും ഇന്ത്യന്‍ ഹോക്കി ഇതിഹാസവുമായ മൈക്കല്‍ കിന്‍ഡോ അന്തരിച്ചു
റൂര്‍ക്കല: അര്‍ജുന പുരസ്‌കാര ജേതാവും ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരവുമായ മൈക്കല്‍ കിന്‍ഡോ (73) അന്തരിച്ചു. ഒഡീഷയിലെ റൂര്‍ക്കലയിലെ ആശുപത്രിയിലായിരുന്നു മൈക്കല്‍ കിന്‍ഡോയുടെ അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ഇടയ്ക്ക് വിഷാദരോഗവുമുണ്ടായി. 1972ല്‍ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. 1975ല്‍ ക്വാലാലംപൂരില്‍ ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിലും അംഗമായിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്. 1792ലാണ് കിന്‍ഡോയ്ക്ക് അര്‍ജുന പുരസ്‌കാരം ലഭിക്കുന്നത്.
1975ലെ ലോകകപ്പില്‍ പാകിസ്താനെയണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മ്യൂണിക് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനുവേണ്ടി മൂന്ന് ഗോളുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഹോക്കി ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ഞങ്ങളുടെ മുന്‍ ഹോക്കി കളിക്കാരനും 1975 ലോകകപ്പ് ജേതാവുമായ മൈക്കല്‍ കിന്‍ഡോയുടെ നിര്യാണത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു- ഹോക്കി ഇന്ത്യ ട്വീറ്റില്‍ പറഞ്ഞു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. കിന്‍ഡോയെ 'ഗോത്രവര്‍ഗ ഐക്കണ്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കിന്‍ഡോയുടെ മരണത്തില്‍ മുന്‍ ഇന്ത്യ ക്യാപ്റ്റന്‍ ദിലീപ് തിര്‍ക്കിയും അനുശോചിച്ചു. ഹോക്കി ഇതിഹാസം മൈക്കല്‍ കിന്‍ഡോയുടെ അവിസ്മരണീയമായ കായികപ്രകടനങ്ങളെ ഞങ്ങള്‍ ഓര്‍മിക്കും. അഭിമാനവും പുരസ്‌കാരങ്ങളും അദ്ദേഹം വീട്ടിലെത്തിച്ചു. മിടുക്കനായ ഒരു ഹോക്കി കളിക്കാരന്‍, മികച്ച ഉപദേഷ്ടാന്‍ എന്നീ നിലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു- ദിലീപ് തിര്‍ക്കി ട്വീറ്റ് ചെയ്തു.