ചാന്ദ്രയാന്‍ പരാജയം അഞ്ച് ശതമാനം മാത്രം; ഓര്‍ബിറ്ററിന് ചിത്രങ്ങളയക്കാന്‍ സാധിക്കും

ഒരു വര്‍ഷം നീളുന്ന ചാന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഇതിന് അകലെ നിന്ന് ചന്ദ്രോപരിതലം പഠിക്കാനും ചിത്രങ്ങള്‍ അയക്കാനും സാധിക്കും.

Update: 2019-09-07 11:16 GMT

ബംഗളൂരു: ചാന്ദ്രയാന്‍ 2 ദൗത്യം പ്രതീക്ഷിച്ചതു പോലെ പര്യവസാനിച്ചില്ലെങ്കിലും അതിന്റെ ലക്ഷ്യത്തില്‍ വലിയൊരു ഭാഗം വിജയമാണെന്ന് ഐഎസ്ആര്‍ഒ. ഒരു വര്‍ഷം നീളുന്ന ചാന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഇതിന് അകലെ നിന്ന് ചന്ദ്രോപരിതലം പഠിക്കാനും ചിത്രങ്ങള്‍ അയക്കാനും സാധിക്കും.

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉള്‍പ്പെടുന്ന ദൗത്യത്തിന്റെ അഞ്ച് ശതമാനം മാത്രമേ പരാജയപ്പെട്ടിട്ടുള്ളു. 95 ശതമാനം കാര്യങ്ങള്‍ ചെയ്യേണ്ട ചാന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്-ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അടുത്ത ഒരു വര്‍ഷം ഓര്‍ബിറ്ററിന് ചന്ദ്രന്റെ നിരവധി ചിത്രങ്ങള്‍ എടുക്കാനും ഐഎസ്ആര്‍ഒയിലേക്ക് അയക്കാനും സാധിക്കും. ലാന്‍ഡറിന്റെ ചിത്രങ്ങളെടുക്കാനും അതിന്റെ സ്ഥിതി എന്താണെന്നറിയാനും സാധിക്കും. ലാന്‍ഡറിനകത്തുള്ള റോവറിന്റെ ആയുസ്സ് 14 ദിവസം മാത്രമാണ്.

ചാന്ദ്രയാന്‍ 2 വ്യതിരിക്തമാവുന്നത് അതിന്റെ കുറഞ്ഞ ചെലവ് കൊണ്ടാണ്. സമാനമായ അപ്പോളോ ദൗത്യത്തിന് അമേരിക്ക 10,000 കോടി ഡോളര്‍ ചെലവിട്ടപ്പോള്‍ ഇന്ത്യ ചെലവിട്ട് 14 കോടി ഡോളര്‍ മാത്രമാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ തൊട്ടരികില്‍ എത്തി നില്‍ക്കേയാണ് ബന്ധം വിഛേദിക്കപ്പെട്ടത്. വിജയകരമായി ഇറങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ യുഎസിനും റഷ്യക്കും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ. 

Tags:    

Similar News