തിരിച്ചടിയില്‍ തളരരുത്, ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്; ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി

ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു

Update: 2019-09-07 03:53 GMT

ബെംഗളൂരു: ചാന്ദ്രയാന്‍-2 ലക്ഷ്യത്തിനു തൊട്ടടുത്ത് തിരിച്ചടി നേരിട്ടതില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ബഹിരാകാശ പദ്ധതിയില്‍ അഭിമാനിക്കാമെന്നും ലക്ഷ്യിത്തിനു തൊട്ടടുത്തെത്താനായതോടെ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം കൂടുതല്‍ ശക്തമായെന്നും അദ്ദേഹം പറഞ്ഞു. ഏതു ദൗത്യത്തിലായലും ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. രാജ്യം ശാസ്ത്രജ്ഞരില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. ഞങ്ങള്‍ക്ക് നിങ്ങളില്‍ എന്നും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിയില്‍ തളരരുത്. ഇന്ത്യ മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. കുറച്ച് മണിക്കൂറുകളായി നിങ്ങള്‍ എന്താണു ചെയ്യുന്നതെന്ന് നിങ്ങളുടെ കണ്ണുകള്‍ പറയുന്നുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇന്ത്യയുടെ അഭിവാദ്യം അര്‍പ്പിക്കുകയാണ്. കുറച്ചു മണിക്കൂറുകളായി രാജ്യം അല്‍പം സങ്കടത്തിലാണ്. എന്നാല്‍, തിരിച്ചടികളില്‍ ആരും തളരരുത്. നമ്മുടെ ശാസ്ത്രജ്ഞര്‍ക്കൊപ്പം എല്ലാവരും ഐക്യപ്പെടുകയാണെന്നും ചാന്ദ്രയാന്‍-2 ലെ ലാന്‍ഡര്‍ നിയന്ത്രിക്കുന്ന ബെംഗളൂരു പീനിയ ഇസ്ട്രാക്കിലെ മിഷന്‍ ഓപറേഷന്‍ കോംപ്ലക്‌സില്‍ നടത്തിയ അഭിസംബോധനയില്‍ മോദി പറഞ്ഞു.

    ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിക്രം ലാന്‍ഡര്‍ ചന്ദ്രലിറങ്ങാന്‍ 2.1 കിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കേയാണ് ബന്ധം നഷ്ടപ്പെട്ടതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ അറിയിച്ചിരുന്നു. ചാന്ദ്രദൗത്യം പരാജയപ്പെട്ടതോടെ വികാരാധീനനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത്. ചാന്ദ്രയാന്‍-രണ്ട് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മലാ സീതാരാമന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.




Tags:    

Similar News