സ്വകാര്യ നഴ്‌സിങ് ഹോമുകളും ക്ലിനിക്കുകളും തുറക്കണം; സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

മൂന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍തന്നെ സ്വകാര്യക്ലിനിക്കുകളും ആശുപത്രികളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജനങ്ങളും ചിലയിടങ്ങളില്‍ സര്‍ക്കാരുകളും പ്രവര്‍ത്തനം തടഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളിലും ചില സ്ഥാപനങ്ങള്‍ക്ക് ഇവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.

Update: 2020-05-11 07:46 GMT

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ നഴ്‌സിങ് ഹോമുകളും സ്വകാര്യ ക്ലിനിക്കുകളും ലാബുകളും തുറക്കാന്‍ സാഹചര്യമൊരുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രഭരണപ്രദേശത്തിന്റെ ചുമതലയുള്ളവര്‍ക്കും അയച്ച കത്തിലാണ് ഇത്തരമൊരു നിര്‍ദേശമുള്ളത്. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍തന്നെ സ്വകാര്യക്ലിനിക്കുകളും ആശുപത്രികളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജനങ്ങളും ചിലയിടങ്ങളില്‍ സര്‍ക്കാരുകളും പ്രവര്‍ത്തനം തടഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളിലും ചില സ്ഥാപനങ്ങള്‍ക്ക് ഇവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സ്വകാര്യക്ലിനിക്കുകളും മറ്റും തുറന്നുപ്രവര്‍ത്തിക്കുന്നതിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കണമെന്നും അജയ് ഭല്ല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് തുടങ്ങി എല്ലാ മേഖലയിലുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം, ആശുപത്രികളിലേക്ക് എത്തുന്നതിനുള്ള സൗകര്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അന്തര്‍സംസ്ഥാനയാത്രയ്ക്കുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലകളില്‍ ഇനിയും നിയന്ത്രണമേര്‍പ്പെടുത്തുന്നത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചികില്‍സകള്‍ക്കും തടസ്സംനേരിടാന്‍ കാരണമാവും.

ചികില്‍സാരംഗത്ത് ഇത്തരം സ്വകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിര്‍ണായകമാണ്. കൊവിഡ് വെല്ലുവിളി നേരിടുന്നതിന് മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനങ്ങള്‍ അടിയന്തരമായി ആവശ്യമായുണ്ട്. നിലവിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ ഡ്യൂട്ടിക്ക് പുറമെ രോഗപ്രതിരോധ കുത്തിവയ്പ്പ് പോലുള്ള ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കും. തടസ്സമില്ലാതെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഈ മേഖലയില്‍ ആവശ്യമായ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Similar News