മംഗളൂരുവില്‍ പോലിസ് നടത്തിയത് ആസൂത്രിത അക്രമം; ജലീലിനെ വെടിവച്ചുകൊന്നത് ഭാര്യയുടെ കണ്‍മുന്നില്‍
രണ്ട് യുവാക്കളെ വെടിവച്ചുകൊന്ന പോലിസ് നടപടി ന്യായീകരിക്കാന്‍ ഭാവനയില്‍നിന്ന് കള്ളക്കഥകള്‍ മെനയുകയാണ് മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ ഡോ.പി എസ് ഹര്‍ഷ ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മംഗളൂരു: കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് വ്യാഴാഴ്ച മംഗളൂരുവില്‍ പോലിസ് നടത്തിയതെന്ന് വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രണ്ട് യുവാക്കളെ വെടിവച്ചുകൊന്ന പോലിസ് നടപടി ന്യായീകരിക്കാന്‍ ഭാവനയില്‍നിന്ന് കള്ളക്കഥകള്‍ മെനയുകയാണ് മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ ഡോ.പി എസ് ഹര്‍ഷ ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനം അവഗണിച്ച് സംഘടിപ്പിച്ച പ്രതിഷേധപരിപാടികള്‍ സമാധാനപരമായിരുന്നു. എന്നാല്‍, ഒരു പ്രകോപനവുമില്ലാതെ പോലിസ് ആളുകളെ ലാത്തിച്ചാര്‍ജ് നടത്തി ഓടിച്ചു. കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു. പ്രക്ഷോഭകരെ പരമാവധി പോലിസ് പ്രകോപിപ്പിച്ചു. കന്തക്ക് സ്വദേശി ജലീലിനെ ഭാര്യയുടെ മുന്നിലിട്ടാണ് പോലിസ് വെടിവച്ചുകൊന്നത്.
ആളുകളെ നിയന്ത്രിക്കാന്‍ പോലിസ് കമ്മീഷണര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുന്‍ മേയര്‍ കെ അഷ്‌റഫ് രംഗത്തിറങ്ങിയത്. ജലീല്‍ കൃഷ്ണപുര, മുസ്തഫ കെമ്പി എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, ബന്തര്‍ റോഡിലൂടെ നടന്ന അഷ്‌റഫിന് നേരെ നിറയൊഴിക്കുകയാണ് പോലിസ് ചെയ്തത്. അദ്ദേഹം ചികില്‍സയിലാണ്. 38 പേര്‍ വിവിധ സ്വകാര്യാശുപത്രികളില്‍ പരിക്കേറ്റു കിടക്കുന്നു. ഏഴായിരത്തോളം പേര്‍ ബന്തര്‍ പോലിസ് സ്‌റ്റേഷന്‍ അക്രമിക്കാന്‍ സംഘടിച്ചപ്പോഴാണ് വെടിവയ്പ് നടത്തിയതെന്നാണ് പോലിസ് കമ്മീഷണര്‍ പ്രചരിപ്പിക്കുന്നതെന്ന് നേതാക്കല്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യു എച്ച് ഉമര്‍, അഷ്‌റഫ് കെ അഗ്‌നടി, അഷ്‌റഫ് ജോക്കടെ (എസ്ഡിപിഐ), മുഹമ്മദ് കുഞ്ഞി (ജമാഅത്തെ ഇസ്‌ലാമി), എസ് എസ് നസിം (എച്ച്‌ഐഎസ്), ഖാലിദ് (ഹിദായ ഫൗണ്ടേഷന്‍), ബി എസ് ഇംതിയാസ് എന്നിവര്‍ പങ്കെടുത്തു.