അജ്മീര്‍: രോഗി ശസ്ത്രക്രിയക്കു വിധേയനാവുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും പ്രാര്‍ത്ഥനയില്‍ മുഴുകുന്നതു സാധാരണമാണ്. എന്നാല്‍ തലച്ചോറില്‍ ബാധിച്ച മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയക്കിടെ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയിലേര്‍പെട്ടതു രോഗി തന്നെ. അജ്മീറിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. കേള്‍വി തകരാറടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണു അബ്ദുല്‍ എന്ന യുവാവ് ഡോക്ടറെ സമീപിച്ചത്. തലച്ചോറില്‍ മുഴ വളരുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഇതു ശസ്ത്രക്രിയ ചെയ്തു നീക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ തലച്ചോര്‍ തുറന്നുള്ള ശസ്ത്രക്രിയ ആയതിനാല്‍ അനസ്‌തേഷ്യ നല്‍കാതെ ബോധത്തോടെ വേണമായിരുന്നു ശസ്ത്രക്രിയ ചെയ്യാന്‍. ഇതോടെയാണു ശസ്ത്രക്രിയ സമയത്തു ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അബ്ദുല്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും അബ്ദുല്‍ വീട്ടിലേക്കു മടങ്ങിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.