ബിജെപിയുടെ വര്‍ഗീയപ്രചാരണം ജനം തള്ളി; ശാഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ലയില്‍ എഎപിക്ക് മിന്നുംജയം
ശാഹീന്‍ബാഗ് മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച ബിജെപിക്ക് ഓഖ്‌ല മണ്ഡലത്തില്‍ ദയനീയതോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. 70,675 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപിയുടെ അമാനത്തുല്ലാഖാന്‍ വിജയിച്ചത്.
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന്റെ മുഖമായി മാറിയ ഡല്‍ഹിയിലെ ശാഹീന്‍ബാഗ് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥിക്ക് മിന്നുംവിജയം. ശാഹീന്‍ബാഗ് മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച ബിജെപിക്ക് ഓഖ്‌ല മണ്ഡലത്തില്‍ ദയനീയതോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. 70,675 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപിയുടെ അമാനത്തുല്ലാഖാന്‍ വിജയിച്ചത്. 1,28,018 വോട്ടുകളാണ് മണ്ഡലത്തില്‍ അമാനത്തുല്ലാഖാന് ലഭിച്ചത്. അതായത് പോള്‍ ചേയ്ത വോട്ടിന്റെ 66.09 ശതമാനം.
രണ്ടാംസ്ഥാനത്തുള്ള ബിജെപിയുടെ ബ്രാം സിങ്ങിന് ഇവിടെ ലഭിച്ചത് 57,343 വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ പര്‍വേസ് ഹഷ്മിക്ക് ചലനംപോലും സൃഷ്ടിക്കാനായില്ല. 4,999 വോട്ടുകളുമായി കോണ്‍ഗ്രസ് ഇവിടെ ദയനീയമായി തകര്‍ന്നടിയുകയാണുണ്ടായത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓഖ്‌ല മണ്ഡലത്തില്‍നിന്ന് 63 ശതമാനം വോട്ട് നേടിയാണ് അമാനത്തുല്ലാ ഖാന്‍ വിജയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് തിരഞ്ഞെടുപ്പുഫലമെന്ന് അമാനത്തുല്ലാ ഖാന്‍ പ്രതികരിച്ചു.
രാജ്യദ്രോഹികളുടെ സമരമായി ശാഹീന്‍ബാഗ് സമരത്തെ ചിത്രീകരിക്കുകയും അതിനെ പിന്തുണയ്ക്കുന്നവരെ രാജ്യദ്രോഹികളും തീവ്രവാദികളുമായി മുദ്രകുത്തുകയുമാണ് മണ്ഡലത്തിലുടനീളം നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ ബിജെപിയുടെ നേതാക്കള്‍ ചെയ്തത്. ബിജെപിയുടെ രണ്ട് നേതാക്കള്‍ കടുത്ത വര്‍ഗീയപ്രസംഗവുമായി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളും എഎപിയെ തുണച്ചു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ വിവാദമായ 'ദേശ് കെ ഗദ്ദരോന്‍ കൊ ഗോലി മാരോ' (രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക) പ്രസ്താവന റിഥാല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു.
ഇവിടെ ബിജെപിയുടെ മനീഷ് ചൗധരി എഎപിയുടെ മഹീന്ദര്‍ ഗോയലിനോട് 13,873 വോട്ടിനാണ് പരാജയപ്പെട്ടത്. വികാസ്പുരി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് പര്‍വേശ് സിങ്ങിന്റെ വിവാദപ്രസ്താവന. 'ശാഹീന്‍ബാഗ് സമരക്കാര്‍ നിങ്ങളുടെ വീടുകളില്‍ കടന്നുകയറി സഹോദരിമാരെയും മക്കളെയും ബലാല്‍സംഗം ചെയ്യുമെന്നായിരുന്നു സിങ്ങിന്റെ പ്രസംഗം. ഇവിടെ ആം ആദ്മിയുടെ മഹീന്ദര്‍ യാദവ് ബിജെപിയുടെ സഞ്ജയ് സിങ്ങിനെ 42,058 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കെജ്‌രിവാളിനെ പര്‍വേശ് സിങ് തീവ്രവാദിയെന്ന് വിളിച്ച മദിപൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി 22,719 വോട്ടിന് തോറ്റു.
പെരുമാറ്റച്ചട്ടം ലംഘിച്ചതിനെത്തുടര്‍ന്ന് താക്കൂറിനെയും പര്‍വേശ് സിങ്ങിനെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റാര്‍ ക്യാംപയിന്‍ പട്ടികയില്‍നിന്ന് നീക്കിയിരുന്നു. പിന്നീട് 96 മണിക്കൂര്‍ പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സിങ്ങിന് 24 മണിക്കൂര്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ബിജെപി നേതാവ് കപില്‍ മിശ്ര കഴിഞ്ഞ ജനുവരി 23ന് ഡല്‍ഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ട്വീറ്റ് ചെയ്തത് ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു എന്നും പാകിസ്താനിലേക്കുള്ള വഴിയാണ് ശാഹീന്‍ബാഗെന്നുമായിരുന്നു. ഇതിന്റെ പേരില്‍ കപില്‍ മിശ്രയിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഡല്‍ഹിയിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ 'ഇന്ത്യ ജയിച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് എഎപി ഇതിന് മറുപടി നല്‍കിയത്.