പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുന്നു; അവര്‍ക്ക് രാജ്യമല്ല രാഷ്ട്രീയമാണ് വലുത്: പ്രധാനമന്ത്രി

പ്രതിപക്ഷം വികസന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയത്തിന്റെ പേരില്‍ തടസപ്പെടുത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. അധികാരത്തില്‍ ഇരിക്കുമ്പോള്‍ നടപ്പിലാക്കാന്‍ പറ്റാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു പോകുമ്പോള്‍ പ്രതിപക്ഷം അതിന് എതിരെ നില്‍ക്കുകയാണ്.

Update: 2022-07-25 16:23 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് അവരുടെ രാഷ്ട്രീയ താത്പര്യമാണ് വലുതെന്നും രാജ്യം അതൊക്കെ കഴിഞ്ഞിട്ടുള്ള കാര്യം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കാണ്‍പൂരില്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ഹര്‍മോഹന്‍ സിങ്ങിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

പ്രതിപക്ഷം വികസന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയത്തിന്റെ പേരില്‍ തടസപ്പെടുത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. അധികാരത്തില്‍ ഇരിക്കുമ്പോള്‍ നടപ്പിലാക്കാന്‍ പറ്റാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു പോകുമ്പോള്‍ പ്രതിപക്ഷം അതിന് എതിരെ നില്‍ക്കുകയാണ്. അവര്‍ക്ക് നടത്താനാവാത്ത കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണവര്‍. രാജ്യത്തെ ജനങ്ങള്‍ ഇത് ഇഷ്ടപ്പെടുന്നില്ല.

ജനാധിപത്യം ഉള്ളതു കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് ഒഴികെയുള്ള രാജ്യത്തെ മറ്റെല്ലാ പാര്‍ട്ടികളും ജനാധിപത്യത്തെ കൃത്യമായി പിന്തുടരുന്നത് കൊണ്ടാണ് രാജ്യം നിനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യം തകര്‍ന്നപ്പോള്‍ ബിജെപി അടക്കമുള്ള എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി അതിനെതിരെ പോരാടിയാണ് ഭരണഘടനയെ സംരക്ഷിച്ചത് അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷം രാജ്യ താത്പര്യത്തിന് എതിരായി നില്‍ക്കുന്നത് ഒഴിവാക്കേണ്ടത് എല്ലാ പാര്‍ട്ടികളുടേയും ഉത്തരവാദിത്വമാണ്. പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. അതുണ്ടാകുകയും വേണം. രാഷ്ട്രീയ മോഹങ്ങളും തെറ്റല്ല. എന്നാല്‍ അതിനൊക്കെ മുകളില്‍ രാജ്യം തന്നെയാണ് പ്രധാനം. സമൂഹമാണ് ഒന്നാമത്, രാഷ്ട്രമാണ് ഒന്നാമത്. സ്വാതന്ത്രത്തിന് ശേഷം രാജ്യത്തെ നയിക്കാന്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിതയെത്തുന്ന ദിവസമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News