പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അഡ്വ.മുസാഫര്‍ ഹുസൈന്‍ ബംഗളൂരുവില്‍ കൊവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകന്‍ ബംഗളൂരുവില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുവന്നിരുന്ന അഡ്വ. മുസാഫര്‍ ഹുസൈ (34) നാണ് മരിച്ചത്. കുറച്ചുദിവസങ്ങളായി രോഗം ബാധിച്ച് കിടപ്പിലായിരുന്നു. യുഎപിഎ, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ കേസുകളില്‍ ഇരകളെ സഹായിക്കുന്നതിന് വേണ്ടി അഹോരാത്രം പ്രയത്‌നിച്ചിട്ടുള്ള വ്യക്തിത്വമായിരുന്നു മുസാഫര്‍ ഹുസൈനെന്ന് പോപുലര്‍ ഫ്രണ്ട് കര്‍ണാടക ഘടകം അനുസ്മരിച്ചു.
ചെറുപ്പക്കാരനും ഊര്‍ജസ്വലനുമായിരുന്നു അദ്ദേഹം. 2017 ല്‍ മഹാരാഷ്ട്രയില്‍ നടന്ന യുഎപിഎ കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 2017ല്‍ മുംബൈ മറൈന്‍ ഡ്രൈവില്‍ 'പീപ്പിള്‍സ് മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് യുഎപിഎ' സംഘടിപ്പിച്ച യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സമ്മേളനത്തിന്റെ വിജയത്തിനായി മുസാഫര്‍ നടത്തിയ ശ്രമങ്ങള്‍ എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ക്യാംപ് ചെയ്ത് സിഎഎ വിരുദ്ധ പ്രതിഷേധ കേസുകളില്‍ ഇരകള്‍ക്ക് അദ്ദേഹം നിയമസഹായം നല്‍കി.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ കലാപ കേസുകളിലെ ഇരകള്‍ക്കും അദ്ദേഹം നിയമസഹായം നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷില്‍ മികച്ച പരിജ്ഞാനമുള്ള വ്യക്തിയാണ് മുസാഫര്‍. ഭാര്യ ബംഗളൂരുവില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ്. അന്താരാഷ്ട്ര കോടതികളിലേയ്ക്ക് പ്രാക്ടീസ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാനഡയിലേക്ക് പോവാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.