ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച പ്രജ്ഞാ സിങ് താക്കൂറിന്‍റെ പരാമർശം സഭാ രേഖയിൽ നിന്ന് നീക്കി
ഗോഡ്സേ എന്തിന് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തി എന്ന് ഡിഎംകെ എംപി എ രാജ വിശദീകരിക്കാൻ ശ്രമിച്ചതിനെ എതിര്‍ത്താണ് പ്രജ്ഞാ സിങ് താക്കൂര്‍ രംഗത്തെത്തിയത്.
ന്യൂഡൽഹി: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിന്‍റെ പരാമർശം സഭാ രേഖയിൽ നിന്ന് നീക്കി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ലോക്സഭയില്‍ എസ്പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെയാണ് ഗോഡ്സേക്കെതിരെയുള്ള അഭിപ്രായങ്ങളെ എതിര്‍ത്ത് പ്രജ്ഞാ സിങ് താക്കൂര്‍ രംഗത്തെത്തിയത്.
നാഥുറാം ഗോഡ്സേ എന്തിന് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തി എന്ന് ഡിഎംകെ എംപി എ രാജ വിശദീകരിക്കാൻ ശ്രമിച്ചതിനെ എതിര്‍ത്താണ് പ്രജ്ഞാ സിങ് താക്കൂര്‍ രംഗത്തെത്തിയത്. സുരക്ഷാ ചര്‍ച്ചകളിൽ രാജ്യസ്നേഹികളെ ഉദാഹരിക്കരുതെന്നായിരുന്നു പ്രജ്ഞാ സിങ്ങിന്റെ ആവശ്യം. സംഭവം വിവാദമായതോടെയാണ് സഭാ രേഖയിൽ നിന്ന് പ്രജ്ഞാ സിങ്ങിന്‍റെ പരാമര്‍ശം നീക്കിയത്.
പ്രജ്ഞയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. അതേസമയം, പ്രജ്ഞയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമം. പ്രജ്ഞാ സിങ്ങിനെ പിന്തുണച്ച് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. പരാമർശം ഗോഡ്സയെ കുറിച്ച് അല്ലെന്ന് താക്കൂർ വ്യക്തമാക്കിയെന്ന് ജോഷി പ്രതികരിച്ചു.