പ്രതിപക്ഷ വിമര്‍ശനത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ കക്ഷികളും ഒന്നടങ്കം വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കമ്മീഷനെ പ്രകീര്‍ത്തിച്ച് പ്രണബ് മുഖര്‍ജി രംഗത്തുവന്നിരിക്കുന്നത്.

Update: 2019-05-21 05:51 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് കുമാര്‍ മുഖര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ കക്ഷികളും ഒന്നടങ്കം വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കമ്മീഷനെ പ്രകീര്‍ത്തിച്ച് പ്രണബ് മുഖര്‍ജി രംഗത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് മാതൃകാപരമായ രീതിയിലാണ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. ഒരു ഭരണഘടന സ്ഥാപനം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കരുതിയാല്‍ മാത്രമേ അത്തരം സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടാനാവൂ. ഇത്രയും കാലം രാജ്യത്ത് ജനാധിപത്യം മുന്നോട്ടുപോയിട്ടുണ്ടെങ്കില്‍ അത് സുകുമാര്‍ സെന്‍ മുതലുള്ള തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ കൃത്യതയോടെ തിരഞ്ഞെടുപ്പുകള്‍ നടത്തിയതുകൊണ്ടാണ്. ഭരണനിര്‍വഹണ സമിതിയാണ് മൂന്ന് കമ്മീഷണര്‍മാരെയും നിയമിക്കുന്നത്. അവര്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിരന്തരമായി ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനെക്കുറിച്ച് പ്രണബ് മുഖര്‍ജിക്ക് അറിയില്ലേയെന്ന് കോണ്‍ഗ്രസ് വക്താവ് പി എല്‍ പുനിയ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിക്കുകയാണ്. ഇത്തരം സംഭവങ്ങളൊന്നും പ്രണബ് മുഖര്‍ജി കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ നേതാക്കള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍, ബിഎസ്പി, എസ്പി, സിപിഎം നേതാക്കള്‍ ചന്ദ്രബാബു നായിഡുവിനൊപ്പമുണ്ടാവും. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പ്രവചിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. 

Tags:    

Similar News