കശ്മീര്‍ പ്രശ്‌ന പരിഹാരം: മോദി-ഇംറാന്‍ ഖാന്‍-ട്രംപ് എന്നിവര്‍ക്ക് നന്ദി പ്രകടിപ്പിച്ച് തുറന്നകത്ത്

ഞങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. സ്വാതന്ത്ര്യത്തിനു വലിയ മൂല്യം കല്‍പ്പിക്കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ തര്‍ക്ക പരിഹാരത്തിന് പരിപൂര്‍ണ പിന്തുണ നല്‍കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Update: 2019-07-26 13:18 GMT

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരുടെ ഇടപെടലിനു നന്ദി പ്രകടിപ്പിച്ച് കശ്മീരിലെ പൗരപ്രമുഖര്‍ തുറന്ന കത്തെഴുതി. കശ്മീര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസിനു കീഴിലുള്ള പൗരപ്രമുഖരാണ്, ലോകത്തെ ഏറ്റവും ദുര്‍ഘടമായ പ്രശ്‌നത്തില്‍ മൂവരുടെയും സമാധാനപരവും ആത്മാര്‍ഥവുമായ ഇടപെടലുകള്‍ ഇനിയും ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചും നന്ദി അറിയിച്ചും കത്തയച്ചത്. താഴ് വരയിലെ പ്രശസ്തരായ വ്യാപാരികള്‍, അക്കാദമിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, പ്രഫഷനലുകള്‍ എന്നിവരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ കശ്മീര്‍ വിഷയത്തില്‍ തുടരുന്ന തര്‍ക്കം കാരണം നിരവധി പേരുടെ ജീവനും പരിസ്ഥിതിക്കും വളരെയധികം ദോഷം ചെയ്തിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അണുവായുധം കൈവശമുള്ള രണ്ടു സൈന്യങ്ങളാണ് മുഖാമുഖം നില്‍ക്കുന്നത് എന്നതിനാല്‍ നിസ്സാരപ്രശ്‌നം പോലും ആണവയുദ്ധത്തില്‍ കലാശിച്ചേക്കാം. അമേരിക്കയ്‌ക്കോ ലോകത്തിനു തന്നെയോ അത്തരമൊരു പ്രശ്‌നത്തെ അഭിമുഖീകരിക്കാനാവുമോയെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്. അതിനാല്‍ തന്നെ, വിഷയത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ക്ക് യുഎസ് നേതൃത്വം നല്‍കണമെന്നു ട്രംപിനോട് ആവശ്യപ്പെടുന്നുണ്ട്. താല്‍ക്കാലിക പരിഹാരങ്ങള്‍ക്കപ്പുറം, ഇരുരാജ്യങ്ങള്‍ക്കും കോട്ടമില്ലാത്ത വിധം ന്യായമായ പരിഹാരങ്ങള്‍ക്കു വേണ്ടി ശ്രമം നടത്തണം. മറ്റുള്ളവരുടെ എതിര്‍പ്പുകളൊന്നും പരിഗണിക്കരുത്. അങ്ങനെയെങ്കില്‍ അവര്‍ ചരിത്രം സൃഷ്ടിക്കുമെന്നും ലോകത്ത് സമാധാനം പുലരാന്‍ വിത്ത് പാകുന്നവരാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

    ഞങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. സ്വാതന്ത്ര്യത്തിനു വലിയ മൂല്യം കല്‍പ്പിക്കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ തര്‍ക്ക പരിഹാരത്തിന് പരിപൂര്‍ണ പിന്തുണ നല്‍കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഇടപെടണമെന്ന് മോദി പറഞ്ഞതായി ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിക്കുകയും ലോക്‌സഭയില്‍ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയും ചെയ്തിരുന്നു.



Tags:    

Similar News