പ്രധാനമന്ത്രി മണിപ്പൂരിനായി സംസാരിച്ചത് 30 സെക്കന്റ് ; പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
ഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ മോദിസര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ച് കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. മണിപ്പൂരിന് വേണ്ടിയാണ് പ്രമേയം കൊണ്ടുവന്നതെന്ന് പറഞ്ഞാണ് ഗൗരവ് ഗൊഗോയ് ലോക്‌സഭയില്‍ അവിശ്വാസ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മണിപ്പൂര്‍ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെയാണ്. മണിപ്പുരിന്റെ നീതിക്ക് വേണ്ടിയാണ് പ്രമേയമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
മണിപ്പൂരില്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ നിരവധി തവണ നടന്നിട്ടുണ്ട്, എന്നാല്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വിദ്വേഷം ഈ തലത്തില്‍ ഞങ്ങള്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയുന്നതിനായി ഞങ്ങള്‍ക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നു. മൂന്ന് ചോദ്യങ്ങളാണ് ഉന്നയിക്കാനുള്ളത്: എന്തുകൊണ്ടാണ് അദ്ദേഹം മണിപ്പുര്‍ സന്ദര്‍ശിക്കാത്ത്. സംഘര്‍ഷം തുടരുന്ന സംസ്ഥാനത്തെക്കുറിച്ച് സംസാരിക്കാന്‍ എന്തുകൊണ്ട് 80 ദിവസമെടുത്തു. സംസാരിച്ചതാകട്ടെ വെറും 30 സെക്കന്‍ഡും. എന്തുകൊണ്ടാണ് മണിപ്പുര്‍ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തത്, ഗൗരവ് ഗൊഗോയ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ബാലിയില്‍ (കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടിക്കിടെ' എന്താണ് ചര്‍ച്ച ചെയ്തത്) എന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
തന്റെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരും മണിപ്പുരിലെ തന്റെ സര്‍ക്കാരും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രിക്ക് അംഗീകരിക്കേണ്ടിവരുമെന്ന് ഗൊഗോയ് പറഞ്ഞു. സംസ്ഥാനത്ത് 150 പേര്‍ മരിച്ചു, 5000-ത്തോളം വീടുകള്‍ കത്തി നശിച്ചു. ആറായിരത്തോളം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ട സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അവിശ്വാസപ്രമേയത്തില്‍ ഇന്നും നാളെയുമായി 12 മണിക്കൂറോളമാണ് ചര്‍ച്ച നടക്കുക. ആറ് മണിക്കൂര്‍ 41 മിനിറ്റ് ബിജെപിക്കും 16 മിനിറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ലഭിക്കും.
പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായുള്ള ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യാ സഖ്യം അവതരിപ്പിച്ച പ്രമേയം അവര്‍ക്ക് ഒരു പരിപാടി മാത്രമാണെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് ഇത് ഒരു അവസരമാണ്. ഇന്ത്യയെ അഴിമതിയില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നും മുക്തമാക്കുക എന്ന ഭരണകക്ഷിയായ എന്‍ഡിഎയുടെ മുദ്രാവാക്യം അതേപടി നിലനില്‍ക്കുന്നുവെന്നും പ്രതിപക്ഷ സഖ്യം പരസ്പര അവിശ്വാസത്താല്‍ വലയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.